പതിനെട്ടാംപടിയിലെത്തിയ വത്സൻ തില്ലങ്കരി കൊലക്കേസിൽ വിചാരണ നേരിടുന്ന മുഖ്യപ്രതി

കണ്ണൂര്‍: കൊലക്കേസില്‍ മുഖ്യപ്രതിയായി വിചാരണ നേരിടുന്നതിനിടെയാണ് ശബരിമല സന്നിധാനത്ത‌് സുപ്രീം കോടതിവിധിക്കെതിരായ കലാപത്തിനു നേതൃത്വം നല്‍കാന്‍ കണ്ണൂര്‍ ജില്ലയിലെ ആര്‍എസ‌്‌എസ‌് നേതാവ് വത്സന്‍ തില്ലങ്കേരി ചൊവ്വാഴ്ച എത്തിയത്. അക്രമപരിശീലനം നേടിയ ഇരുന്നൂറോളം പേരെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന‌് സ്വാമിവേഷത്തില്‍ വത്സനും ആര്‍ എസ്‌എസും ശബരിമലയിലെത്തിച്ചിരുന്നു. കൊലക്കേസുകളിലുള്‍പ്പെടെ പ്രതികളായവരും സംഘത്തിലുണ്ടെന്നാണ‌് പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന‌് ലഭിച്ച സൂചന. വത്സന്‍ തില്ലങ്കേരിക്കായിരുന്നു സന്നിധാനത്തെ ‘ആക‌്ഷന്‍’ ചുമതല.
സിപിഐ എം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്ന് യാക്കൂബ് വധകേസില്‍ പ്രതിയാണ് വത്സന്‍. കണ്ണൂരിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെയാണ് വധക്കേസ് വിചാരണ. നവംബര്‍ ഒന്നിനാണ് കേസില്‍ ഒടുവില്‍ വിചാരണയുണ്ടായത്. അന്ന് വത്സന്‍ തില്ലങ്കേരി ഹാജരാവാതെ അവധിയെടുത്തിരുന്നു. ഇതിനുശേഷമാണ് സ്വാമിവേഷത്തില്‍ സന്നിധാനത്തെത്തിയത്. പ്രതികള്‍ ബോംബും വാളും മഴുവുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് 2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലോടെ സിപിഐ എം പ്രവര്‍ത്തകനായ യാക്കൂബിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പതിനാറ് ആര്‍എസ്‌എസ്-ബിജെപിക്കാരാണ് പ്രതികള്‍.

അമ്പതുവയസ്സ‌് പിന്നിട്ട തൃശൂര്‍ സ്വദേശിനിയെ ആചാരം ലംഘിച്ചെന്ന ആക്രോശത്തോടെ ആക്രമിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും കണ്ണൂര്‍ സംഘമാണ‌്. വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറിനിന്ന‌് ആചാരം ലംഘിക്കുകയും അക്രമികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു.

വത്സന്‍ തില്ലങ്കേരിക്ക‌് സമീപം നിലയുറപ്പിച്ചിരുന്ന ചക്കി സൂരജ‌് ചക്കരക്കല്ലിലെ സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസ‌് അടിച്ചുതകര്‍ത്ത കേസിലെ മുഖ്യപ്രതിയാണ‌്. തലശേരി ടെമ്പിള്‍ഗേറ്റ‌്, മാക്കൂല്‍, കതിരൂര്‍, ഡയമണ്ട‌്മുക്ക‌്, ആറളം, പയ്യന്നൂര്‍ രാമന്തളി, കക്കംപാറ, വെള്ളൂര്‍, പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍, കമ്പനി മുക്ക‌്, കേളകം വെള്ളൂന്നി, കൊട്ടിയൂര്‍, മാടായി വെങ്ങര, ചെങ്ങല്‍ തുടങ്ങി ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍നിന്നുള്ള ആര്‍എസ‌്‌എസ‌് ക്രിമിനലുകളും വത്സന്‍ തില്ലങ്കേരിയുടെ സംഘത്തിലുണ്ടായിരുന്നു.

പുന്നാട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ്, വിളക്കോട്ട് സിപിഐ എം നേതാവ് മുഹമ്മദ് ഇസ്മയില്‍, പുന്നാട്ട് കോട്ടത്തെക്കുന്നില്‍ സിപിഐ എം പ്രവര്‍ത്തകന്‍ കെ കെ യാക്കൂബ് എന്നിവര്‍ അരുംകൊല ചെയ്യപ്പെട്ട കുരുതിക്കാലവും വത്സന്റെ വളര്‍ച്ചാ ഘട്ടവും ഒന്നിച്ചായിരുന്നു. കണ്ണൂരിലെ അക്രമവാഴ്ചയുടെ തിരക്കഥാ ത്രെഡ് എവിടെ രൂപപ്പെട്ടതാണെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം. ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍വീനര്‍, അധ്യാപകന്‍, പ്രഭാഷണ രംഗത്ത് വത്സനെ കടത്തിവെട്ടുന്ന ഗാംഭീര്യമാര്‍ന്നയാള്‍ എന്നീ നിലകളില്‍ പ്രമുഖനായി മാറിയ അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് തടഞ്ഞ് എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്നതും ഇക്കാലത്താണ്.
ഈ കൊലപാതകത്തെ ആര്‍എസ്‌എസിന് സമ്പത്ത് സമാഹരിക്കാനുള്ള വഴിയാക്കി. കലാപമഴിച്ചുവിട്ട് വീടുകള്‍ തകര്‍ത്ത് കൊള്ളയടിച്ച് അവര്‍ ന്യൂനപക്ഷങ്ങളെ ആട്ടിയോടിച്ചു. കേസുകള്‍ അനേകമുണ്ടായി. എല്ലാം എന്‍ഡിഎഫുമായി ചേര്‍ന്ന് ഒത്തുതീര്‍ത്ത് കൊള്ളപ്പണം വീതംവെച്ചതായി ഇരു സംഘടനകള്‍ക്കുള്ളിലും ആക്ഷേപം ഉയര്‍ന്നിരുന്നു.
