KOYILANDY DIARY.COM

The Perfect News Portal

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍

തിരുവനന്തപുരം:  പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബോര്‍ഡിനേറ്റ് ജുഡിഷ്യറിയില്‍ കീഴ്‌ക്കോടതികളിലും സബ്കോടതികളിലുമായി 460 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്തികകളില്‍ ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുത്തത്.

വിഴിഞ്ഞം പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ 10 തസ്തികകള്‍ അനുവദിച്ചു. കേരള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെ ഓഫീസിലേക്ക് 4 തസ്തികകള്‍ അനുവദിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍ ഫയര്‍ ആന്റ് റസ്ക്യൂ അക്കാദമിയില്‍ പുതുതായി 22 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരൂമാനിച്ചു. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ ആലത്തിയൂര്‍ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി 10 തസ്തികകള്‍ സൃഷ്ടിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലിന്‍റെ തിരുവനന്തപുരം ബഞ്ചിലേക്ക് 37 തസ്തികകള്‍ സൃഷ്ടിച്ചു.

പിഎസ്സി മുന്‍ ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഷിക സേവനത്തിന് അടിസ്ഥാന ശമ്ബളത്തിന്റെ 7.5 ശതമാനം എന്ന നിരക്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. നിലവില്‍ ഒരു വര്‍ഷത്തെ സേവനത്തിന് 5 ശതമാനം എന്നതാണ് നിരക്ക്. പരമാവധി പെന്‍ഷന്‍ അടിസ്ഥാന ശമ്ബളത്തിന്റെ 50 ശതമാനം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ അര്‍ഹതയ്ക്ക് രണ്ടു വര്‍ഷത്തെ മിനിമം സേവനം ഉണ്ടായിരിക്കണം. മിനിമം പെന്‍ഷന് 30 ശതമാനം എന്ന നേരത്തെയുളള വ്യവസ്ഥ ഒഴിവാക്കി.

Advertisements

താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്കു കുറുകെ 13 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക. വനിത പൊലീസ് ബറ്റാലിയന് ആസ്ഥാനം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്കോയുടെ കൈവശമുളള 10 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസ് നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 30 സെന്റ് സ്ഥലം വ്യവസ്ഥകള്‍ക്കു വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *