നോട്ട് അസാധുവാക്കലിന് മുമ്പ് നടന്ന ഇടപാടുകളും അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു മുമ്പ് നടന്ന പണമിടപാടുകളും പരിശോധിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്.
ഈ ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ശനിയാഴ്ച ധനമന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. 2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളുടെ രേഖകളും പരിശോധിക്കും. ഈ മാസം 15നു മുമ്പ് രേഖകള്‍ സമര്‍പ്പിക്കാനാണ് ബാങ്കുകളോടും പോസ്റ്റ് ഓഫീസുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, ഇതേവരെ പാന്‍ കാര്‍ഡ് രേഖകളോ ഫോം 60യോ സമര്‍പ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് ഫെബ്രുവരി 28നു മുമ്പ് ഇത് സമര്‍പ്പിക്കാനും ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ആദായനികുതി നിയമത്തിന്റെ 114 ഇ റൂളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ നിര്‍ദേശം.

