നോട്ടു നിരോധനം ഫലം കണ്ടില്ല; കറന്‍സി രഹിത ഇടപാടുകള്‍ കുറഞ്ഞു: ആർ.ബി.ഐ.

മുംബൈ: നോട്ടു നിരോധനത്തിന്റെ ഗുണഫലമായി ഉയര്‍ത്തിക്കാട്ടിയ കറന്‍സി രഹിത ഇടപാടുകള്‍ ക്രമാനുഗതമായി കുറഞ്ഞതായി കണക്കുകള്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ കറന്‍സി രഹിത ഇടപാടുകളില്‍ കുറവ് രേഖപ്പെടുത്തിതായാണ് റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ മാസത്തെക്കാള്‍ നേരിയ വര്‍ധന മാത്രമാണ് മെയ് മാസം 28 വരെ രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളില്‍നിന്നും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍നിന്നും ശേഖരിച്ച വിവരങ്ങളാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടിന് ആധാരം.
നവംബര്‍ മാസത്തില്‍ ഏതാണ്ട് 95,24910 കോടി രൂപയുടെ കറന്‍സി രഹിത ഇടപാടുകളാണ് നടന്നത്. മെയ്മാസത്തിലെ ആദ്യ 28 ദിവസങ്ങള്‍കൊണ്ട് 95,6015 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. എന്നാല്‍ മുന്‍ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്മാസത്തില്‍ നടന്ന ഇടപാടുകള്‍ കുറവാണ്. ഡിസംബറില്‍ 1,05,42120 കോടി രൂപയുടെയും മാര്‍ച്ച് മാസത്തില്‍ 1,51,08900 കോടി രൂപയുടെയും കറന്‍സി രഹിത ഇടപാടുകളാണ് നടന്നത്. നോട്ടുനിരോധനത്തിനുശേഷം ഏറ്റവും കൂടുതല്‍ തുകയുടെ കറന്‍സി രഹിത ഇടപാട് നടന്നതും മാര്‍ച്ച് മാസത്തിലാണ്.

മാര്‍ച്ച് മാസം മുതല്‍ ഏല്ലാ രീതിയിലുമുള്ള കറന്‍സി രഹിത ഇടപാടുകള്‍ കുറഞ്ഞു. 1,11,04600 കോടിയുടെ രൂപയുടെ ഇടപാട് നടന്ന ഏപ്രിലില്‍ 26.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മെയ്മാസം ഇത് 13.9 ശതമാനമായി കുറഞ്ഞു.

ആര്‍ടിജിഎസ് വഴി ഏപ്രില്‍ മാസം നടന്ന ഇടപാടുകള്‍ മെയ്മാസം (28 ദിവസം) നടന്ന ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 13.5 ശതമാനമായാണ് കുറവ്. എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ 14.4 ശതമാനം കുറഞ്ഞു. ചെക്ക് ഇടപാട് 17 ശതമാനവും കാര്‍ഡ് ഇടപാട് 10.7 ശതമാനവുമായാണ് കുറഞ്ഞത്.

