നിപ്പ: ഓസ്ട്രേലിയയില്‍നിന്നുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു

കൊച്ചി: നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയില്‍നിന്നുള്ള പ്രത്യേക മരുന്നാണ് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എത്തിച്ചത്. മരുന്ന് ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നല്‍കിയിരുന്നു.
ഇതിനിടെ, നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഐസലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളം കളക്ടേറ്റില്‍ അവലോകന യോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

