നിർത്താതെ പോയ കാറിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് കാർ നിർത്താതെ പോയത്. അമിത വേഗതയിൽ പോയ കാർ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയർ പൊട്ടിയതോടെ ഡിവൈഡറിൽ ഇടിച്ചുനിന്ന കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാർ ഏതാണ്ട് പൂർണമായും തകർന്നു. ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. നാല് ചാക്കുകളിലായി നൂറു കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്സൈസ് സ്പെഷ്യൽ സെൽ ആണ് പരിശോധന നടത്തിയത്. അപകടത്തിർപ്പെട്ട പ്രതികളുടെ പരിക്ക് സാരമുള്ളതല്ല.


