നിയമസഭയുടെ അറുപതാം വാര്‍ഷികം; പഴയ നിയമസഭാ മന്ദിരത്തില്‍
തിരുവനന്തപുരം: ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ ഇന്നു നിയമസഭ ചേര്‍ന്നത് പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നത്. നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമാജികര്‍ സഭയില്‍ പ്രവേശിച്ചത്.
അതേസമയം നിയമസഭാ വളപ്പിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ യുഡിഎഫ് ബഹിഷ്കരിച്ചു. നിയമസഭാ വളപ്പില്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി.ആര്‍ അംബേദ്കര്‍. ഇഎംഎസ് എന്നിവരുടെ പ്രതിമകളാണുള്ളത്. എന്നാല്‍, ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ മറ്റു മൂന്നു പ്രതിമകളില്‍ മാത്രമാണ് യുഡിഎഫ് എംഎല്‍എമാര്‍ പുഷ്പാര്‍ച്ചന നടത്തിയത്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് നിയമസഭാകക്ഷി ഇന്നലെ തീരുമാനിച്ചിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രില്‍ അഞ്ചിനാണ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികള്‍ ഇന്ന് സമാപിക്കുകയാണ്. അതിന്റെ ഭാഗമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേരുന്നതും.

സഭയില്‍ ചോദ്യോത്തരവേളയില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി നല്‍കി. ഇന്ന് മറ്റ് സഭാ നടപടികള്‍ ഉണ്ടായിരിക്കുകയില്ലെന്നും ചോദ്യോത്തര വേളക്ക് ശേഷം സഭാവാര്‍ഷിക ചടങ്ങിന്റെ പ്രാധാന്യമാകും ചര്‍ച്ചചെയ്യുകയെന്ന് സ്പീക്കര്‍ അറിയിച്ചു.

