നിയന്ത്രണംവിട്ട ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തൊണ്ടയാട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചൊടിയില്‍ ലൈലാബി (38), അഞ്ചൊടിയില്‍ സൈനമോള്‍ (42), മെഡിക്കല്‍ കോളേജ് സ്വദേശി വര്‍ഷ (20) ഇടുക്കി സ്വദേശി സെബാസ്റ്റ്യന്‍ (40), വടകര സ്വദേശി ഷൈജിവ് (35), കൊയിലാണ്ടി സ്വദേശി ഷാഫി (36), പാലക്കാട് സ്വദേശി നന്ദിനി (20), അഞ്ചൊടിയില്‍ ബീവാത്തു (65), ചേലമ്ബ്ര സ്വദേശികളായ അഖില (31), പത്മിനി (86), കൊയിലാണ്ടി സ്വദേശി തസ്ളിന (26), താനൂര്‍ സ്വദേശികളായ നസീമ (35), റൗളത്ത് (46) എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് നഗരത്തിലേക്കുവരികയായിരുന്ന ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന കെ.എല്‍.11.എസ്.992 ‘ആയിഷാസ്’ ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

അതിവേഗവും തേഞ്ഞ ടയറുകളും

അതിവേഗത്തിലായിരുന്നു ബസ്സെന്നും തേഞ്ഞുതീര്‍ന്ന ടയറും ചാറ്റല്‍മഴയുമാണ് അപകടത്തിനിടയാക്കിയതെന്നും സിറ്റി ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ. രാജു പറഞ്ഞു. അതിവേഗത്തിലുള്ള ബസ് പെട്ടെന്ന് ബ്രേക്കിടുകയും വെട്ടിക്കുകയും ചെയ്തതാകാം അപകടത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മുന്‍ഭാഗത്തെ ടയറും പിന്നീട് പിന്‍ഭാഗത്തെ ടയറും ഡിവൈഡറില്‍ തട്ടിയതോടെ ബസിന്റെ നിയന്ത്രണം പൂര്‍ണമായും ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടു. ഇതോടെ വാതിലുകളുള്ള ഭാഗത്തെ ടയറുകള്‍ റോഡില്‍നിന്ന് പൊങ്ങുകയും ബസ് ഉലഞ്ഞു മുന്‍ഭാഗം നേരെ പിന്‍വശത്തേക്ക് തിരിഞ്ഞ് സമീപത്തുള്ള കാറിന്റെ മുകള്‍ഭാഗത്തു തട്ടി ചെരിഞ്ഞുനില്ക്കുകയും ചെയ്തു.

ബസ് കാറിനു (കെ.എല്‍.60 എ.3691 നമ്ബര്‍) മുകളില്‍ തട്ടിനിന്നതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞെന്ന് സിറ്റി ട്രാഫിക് അധികൃതര്‍ പറഞ്ഞു. ബസിന്റെ എല്ലാ ടയറുകളും വളരെയേറെ തേഞ്ഞുപോയിരുന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപാടുപറ്റി. ഓടിക്കൂടിയ പരിസരവാസികളും നെല്ലിക്കോട് സാഗര കലാസാംസ്കാരികവേദി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തേക്കെടുത്തത്. സിറ്റി ട്രാഫിക്കിലെ എസ്.ഐ. വിനീഷ്, ബീച്ച് ഫയര്‍സര്‍വീസ് അധികൃതര്‍ എന്നിവരും നേതൃത്വം നല്കി.
ബീച്ച് അഗ്നിശമനസേനാംഗങ്ങളായ ലീഡിങ് ഫയര്മാന് ടി.വി. പൗലോസ്, ഫയര്മാന്മാരായ ഇ. സനൂഷ്, ഇ. ഫാസിലലി, കെ. ശിവദാസന്‍, പി. സത്യനാഥന് എന്നിവരുടെ നേതൃത്വത്തിലുള്ള യൂണിറ്റെത്തി അപകടം നടന്ന റോഡിലെ ഓയില്‍ കഴുകി ഗതാഗതയോഗ്യമാക്കി. ഈ ആഴ്ച ഇതേസ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. മിനിലോറിയും രണ്ടു ബസുകളും കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടിരുന്നു.
