നിപ്പ വൈറസ് ബാധ: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വിവേചനമെന്ന് പരാതി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ സമയത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വിവേചനമെന്ന് പരാതി. മികച്ച സേവനം കാഴ്ചവച്ചവരെ അവഗണിച്ച് അനര്‍ഹരായവരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് തൊഴിലാളി സംഘടനയുടെ ആരോപണം.
നിപ്പ വൈറസ് ബാധയുടെ സമയത്ത് താല്‍ക്കാലിക ജീവനക്കാര്‍ കാഴ്ചവച്ച സേവനത്തെ അഭിനന്ദിച്ച സംസ്ഥാന സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവരെ സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യോഗ്യരായവരെ കണ്ടെത്താന്‍ മെഡിക്കല്‍ കോളജില്‍ ഒരു സമിതിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍ സമിതി കണ്ടെത്തിയ ലിസ്റ്റില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ പുറത്തായെന്നാണ് ആരോപണം.

മുഴുവന്‍ സമയവും നിപ്പ വാര്‍ഡില്‍ ചെലവഴിച്ച് ഏറ്റവും മാതൃകാപരമായ സേവനം കാഴ്ച വച്ച അഞ്ച് പേരെയാണ് കണ്ടെത്തിയതെന്നും 44 പേരെയും സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം വിവേചനം ഉണ്ടായെന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, നിപ്പ നോഡല്‍ ഓഫീസര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര് എന്നിവരാണ് സമിതിലുള്ളത്.

