KOYILANDY DIARY.COM

The Perfect News Portal

നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ‌്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട‌് ആറുമാസത്തിനകം

കോഴിക്കോട‌്>  ഭീതി പരത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ‌്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട‌് ആറുമാസത്തിനകം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ശാസ‌്ത്രജ്ഞരാണ‌് റിപ്പോര്‍ട്ട‌് തയ്യാറാക്കുക. നിപാ പടര്‍ന്ന മറ്റു രാജ്യങ്ങളില്‍ പഠന റിപ്പോര്‍ട്ട‌് തയ്യാറാക്കാന്‍ ഒരുവര്‍ഷത്തിലധികം സമയമെടുത്ത സാഹചര്യത്തിലാണ‌് കുറഞ്ഞ സമയത്തില്‍ റിപ്പോര്‍ട്ട‌് പുറത്തുവരുന്നത‌്.

അപൂര്‍വമായുണ്ടാകുന്ന നിപാ വൈറസ‌് കോഴിക്കോട‌് എത്താനുണ്ടായ സാഹചര്യം വിശദമാക്കുന്നതാകും റിപ്പോര്‍ട്ട‌്. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിനുവേണ്ടി കാത്തിരിക്കുകയാണ‌്.

കേന്ദ്ര﹣സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ഐസിഎംആറിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് എപ്പിഡമോളജിയിലെ ശാസ‌്ത്രജ്ഞരാണ‌് ഉറവിടം കണ്ടെത്താനുള്ള പഠനം തുടങ്ങിയത‌്. അഞ്ചുപേരടങ്ങിയ സംഘത്തിലെ രണ്ടുപേര്‍ പേരാമ്ബ്ര പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും സന്ദര്‍ശനം തുടരുന്നുണ്ട‌്. ഒരാഴ‌്ച കൂടി സംഘം ജില്ലയിലുണ്ടാകും. കേന്ദ്ര﹣ സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ‌്, എയിംസ‌് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഐസിഎംആര്‍ ശാസ‌്ത്രജ്ഞര്‍ക്ക‌് കൈമാറും. ഇതും ഐസിഎംആര്‍ സ്വന്തം നിലയ‌്ക്ക‌് തയ്യാറാക്കിയ റിപ്പോര്‍ട്ടും വിശകലനം ചെയ‌്താണ‌് അന്തിമ റിപ്പോര്‍ട്ടിന‌് രൂപം നല്‍കുക.

Advertisements

നിപായുടെ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക‌് കഴിഞ്ഞദിവസമാണ‌് തുടക്കമായത‌്. ആദ്യഘട്ടത്തില്‍ തദ്ദേശവാസികളുമായി ആശയവിനിമയം നടത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ‌്. പ്രദേശത്തിന്റെ ഭൂമിശാസ‌്ത്ര പ്രത്യേകതയും ചരിത്രവും വിലയിരുത്തലാണ‌് അടുത്തഘട്ടം. പ്രദേശത്തെ വവ്വാല്‍ സാന്നിധ്യത്തെക്കുറിച്ച‌് പ്രത്യേക പഠനം നടത്തും.

രോഗത്തില്‍നിന്ന‌് രക്ഷപ്പെട്ട‌് ചികിത്സയിലുള്ള രണ്ടുപേരെയും സംഘം സന്ദര്‍ശിക്കും. ഇവരില്‍നിന്ന‌് ആവശ്യമായ വിവരം ശേഖരിക്കുകയാണ‌് ലക്ഷ്യം. ആദ്യം മരിച്ച മുഹമ്മദ‌് സാബിത്തിന‌് രോഗം വരാനിടയായ സാഹചര്യം പരിശോധിക്കും. കൂടാതെ സാബിത്തിന്റെ യാത്രാരേഖകളും ഫോണ്‍ വിളികളും പൊലീസ‌് സൈബര്‍ സെല്ലും അന്വേഷിക്കുന്നുണ്ട‌്. സാബിത്തിന‌് രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ ഇതും സഹായകമാകുമെന്ന‌് ശാസ‌്ത്രജ്ഞര്‍ പറഞ്ഞു. ഡോ. എ പി സുഗുണന്‍, ഡോ. തരുണ്‍ ഭട‌്നഗര്‍, ഡോ. പി മാണിക്കം, ഡോ. കരീഷ‌്മ കൃഷ‌്ണന്‍, ഡോ. ആരതി രഞ‌്ജിത‌് എന്നിവരങ്ങിയ ശാസ‌്ത്രജ്ഞരുടെ സംഘമാണ‌് കോഴിക്കോട്ടുള്ളത‌്.

സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുമായി ആശയവിനിമയത്തിനും സംഘം തീരുമാനിച്ചിട്ടുണ്ട‌്. വൈറസിന്റെ ഉറവിടം കണ്ടെത്തലിന‌് അടിയന്തര പ്രാധാന്യമുള്ളതിനാല്‍ റിപ്പോര്‍ട്ട‌് തയാറാക്കല്‍ അനന്തമായി വൈകരുതെന്നാണ‌് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും സംഘം ചൂണ്ടിക്കാട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *