നിപ വൈറസ് ബാധയെപ്പറ്റി വിശദമായ പഠനം നടത്തും: എന്‍.സി.ഡി.സി. സംഘം

പേരാമ്പ്ര: കേരളത്തിലെ നിപ വൈറസ് ബാധയെപ്പറ്റി വിശദമായ പഠനം നടത്തുമെന്ന് കേന്ദ്രത്തില്‍നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം. ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍ ഡോ. സുജിത്ത് കുമാര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചുപേരുടെ സംഘംകൂടി കേരളത്തില്‍ ചൊവ്വാഴ്ച എത്തുന്നുണ്ട്. ഇവര്‍ രോഗബാധയുടെ സ്വഭാവവും എല്ലാവശവും പരിശോധിക്കും.
വവ്വാലില്‍നിന്ന് നേരിട്ടോ വവ്വാലില്‍നിന്ന് മൃഗങ്ങള്‍വഴിയോ വൈറസ് ബാധ ലഭിക്കാം. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പഠിച്ചുവരികയാണ്. മറ്റേതെങ്കിലും മൃഗങ്ങള്‍ നിപ പരത്തുന്നുണ്ടോ എന്നതും പഠനവിഷയമാണ്. വീട്ടില്‍ മുയല്‍ ചത്തിട്ടുണ്ടെന്ന കാര്യം ചിലര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പട്ടിയോ മറ്റോ കടിച്ചാണ് മുയല്‍ ചത്തത്. രണ്ടുമുയലുകള്‍ ഇത്രയുംദിവസം കഴിഞ്ഞും ജീവിച്ചിരിപ്പുണ്ട്. അതിന് രോഗമുണ്ടാകാന്‍ സാധ്യത കുറവാണ്. നിപ വൈറസ് ബാധയ്ക്ക് നേരിട്ടുള്ള മരുന്നില്ല. എന്നാല്‍, സപ്പോര്‍ട്ടീവ് മെഡിസിന്‍ നല്‍കാം.

മറ്റുവൈറസുകളില്‍നിന്ന് നിപയെ പെട്ടെന്ന് തിരിച്ചറിയുക പ്രയാസമാണ്. രണ്ടുപേര്‍ മരിച്ചപ്പോള്‍ വളരെ പെട്ടെന്ന് പൊതുജനങ്ങളുടെ സഹകരണത്തോടെ സംശയാസ്പദമായ കേസ് തിരിച്ചറിയാന്‍ കഴിഞ്ഞു. മറ്റിടങ്ങളിലൊക്കെ ഇതിന് ഏറെ സമയമെടുത്തിട്ടുണ്ട്.

മരിച്ച മുഹമ്മദ് സാലിഹിന്റെ വീട്, വവ്വാലുണ്ടായിരുന്ന കിണര്‍ സ്ഥിതിചെയ്യുന്ന അവരുടെ പുതിയ വീട് തുടങ്ങിയ സ്ഥലങ്ങളും അവര്‍ സന്ദര്‍ശിച്ചു. എന്‍.സി.ഡി.സി. തിരുവനന്തപുരം റീജണല്‍ ജോയന്റ് ഡയറക്ടര്‍ ഡോ. രുചി ജെയിന്‍, അഡീഷണല്‍ ഡയറക്ടര്‍ എസ്.കെ. ജെയിന്‍, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകന്‍ ഡോ. എം.കെ. ഷൗക്കത്തലി എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ടി.പി. രാമകൃഷ്ണന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, ഡി.എം.ഒ. വി. ജയശ്രീ, മണിപ്പാല്‍ മെഡിക്കല്‍ സംഘത്തിലെ ഡോ. ജി. അരുണ്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ജില്ലാപഞ്ചായത്തംഗം എ.കെ. ബാലന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
