നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുന്ദമംഗലം: നാലു കിലോ കഞ്ചാവുമായി കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന് കോയയുടെ മകന് റജീസ് (35) പിടിയിലായി. കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും ഇന്നലെ രാവിലെ പതിനൊന്നരയോടെ കുന്ദമംഗലം ടൗണില്‍ വെച്ചാണ് 4.2 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന ഇയാള്‍ ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. റജീസില് നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്ന ഒരാളെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലു ദിവസമായി നിരീക്ഷിച്ച് വരുകയായിരുന്നു.കഞ്ചാവുമായി ബൈക്കില്‍ കുന്ദമംഗലത്തെത്തിയ ഇയാളെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

ജില്ലയിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി രണ്ടുപേരെ മുക്കം പോലീസ് പിടികൂടിയിരുന്നു. ഇടുക്കി അടിമാലി സ്വദേശി മൈലാടിയില്‍ അഫ്സല് എം ഷരീഫ്(25), വാളറ കുപ്പശ്ശേരി പവിത്രന്(30) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അര കിലോ ബ്രൗണ്‍ ഷുഗറുമായി ഒരാളെ കുന്ദമംഗലം പൊലീസ് എന്‍.ഐ.ടി പരിസരത്ത് വെച്ചു പിടികൂടിയിരുന്നു. ഈ മാസം മൂന്നാമത്തെ കഞ്ചാവ് വേട്ടയാണ് കുന്ദമംഗലം എക്സൈസ് റെയിഞ്ചിന്റെ പരിധിയില്‍ നടക്കുന്നത്. കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദ്, അസി. ഇന്‍സ്പെക്ടര്‍ രമേശ് .ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ഹരീഷ്, പ്രിയരഞ്ജന്‍ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെജി.എം, ജിനീഷ് എ.എം, സുരേഷ് ബാബു, സന്തോഷ് ചെറുവോട്ട്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

