KOYILANDY DIARY.COM

The Perfect News Portal

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കേസെടുത്തത്. കുട്ടികള്‍ക്ക് നേരേ വര്‍ധിച്ച്‌ വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എടപ്പാള്‍ സ്വദേശി രാഘവന്‍ ആണ് ബാലികയെ മര്‍ദ്ദിച്ചത്. എടപ്പാളില്‍ വിവിധ മേഖലയില്‍ ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിക്കാണ് ക്രൂര മര്‍ദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപം പെണ്‍കുട്ടി ആക്രി പെറുക്കാനെത്തിയിരുന്നു. ഇവിടെ നിന്നും രണ്ട് ഇരുമ്ബ് കഷ്‌ണങ്ങള്‍ പെറുക്കിയതിനാണ് രാഘവന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം.

ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവന്‍ കുട്ടിയുടെ ചാക്ക് പിടിച്ച്‌ വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്ബ് കഷ്ണമുണ്ടായിരുന്നു ഈ പ്രഹരമാണ് കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയത് . തലയില്‍ പത്ത് തുന്നിക്കെട്ടലുകളുണ്ടെങ്കിലും ആരോഗ്യനില അപകടകരം അല്ലാത്തതുകൊണ്ട് ആശുപത്രിയില്‍ നിന്ന് കുട്ടിയെ വിട്ടയച്ചിരുന്നു.

Advertisements

ഈ പെണ്‍കുട്ടിയെ മുന്‍പ് പലവട്ടം സ്കൂളില്‍ ചേര്‍ക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ പോയി. തുടര്‍ന്ന് ആക്രി പെറുക്കുന്ന ജോലി കുടുംബത്തോടൊപ്പം പെണ്‍കുട്ടിയും ഏറ്റെടുക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തില്‍ ഇപ്പോള്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *