നാടിന്റെ നന്മയില് അനീഷിനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നു

വളയം: രോഗവും നിയമവും കുരുക്കായപ്പോള്‍ ജീവിതം ഒരു കൂരയില്‍ ഒതുങ്ങിയ നാദാപുരം വളയം അന്തിയേരിയിലെ കല്ലമ്മല്‍ അനീഷിന് നാടിന്റെ നന്മയില് പുതിയ വീടൊരുങ്ങുന്നു. നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ അനീഷിനും കുടുംബത്തിനും നല്ല വീട് സ്വന്തമാവും.
മണ്‍ചുമരുകളില്‍ ടാര്‍ പായ കൊണ്ട് കെട്ടിയ കൂരയില്‍ അനീഷ് താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തുകഴിഞ്ഞു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഭാര്യ കമലയും മകള്‍ പത്തുവയസുകാരി ആര്യയും അടങ്ങുന്ന കുടുംബം കാറ്റിലും മഴയിലും ജീവനും പണയും വച്ച് കഴിയുകയാണ്. ആരോഗ്യപ്രശ്നമുള്ള അനീഷ് ഇടയ്ക്ക് കൂലിപ്പണിക്ക് പോയികിട്ടുന്ന വരുമാനമാണ് ഏകആശ്രയം. കുടുംബ സ്വത്തായി കിട്ടിയ പത്ത് സെന്റ് ഭൂമിയിലാണ് താമസം. ഈ സ്ഥലത്തിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നികുതി സ്വീകരിക്കാതായതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അകന്നുനിന്നു.

ഈ പ്രദേശങ്ങളില്‍ രാജകുടുംബത്തിന്റെ കൈവശമായിരുന്ന ഏകദേശം 273.9 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായ അരിക്കര കുന്നില്‍ 60 ഏക്കറില്‍ 2007 ല്‍ ബി.എസ്.എഫ് കേന്ദ്രം വന്നതോടെയാണ് നികുതി പ്രശ്നം തുടങ്ങിയത് . മിച്ചഭൂമി വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് ചുറ്റുമുള്ള അനീഷിന്റെതുള്പ്പെടെയുള്ള കുടുംബങ്ങളുടെ ഭൂമിക്ക് കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഈ ചുവപ്പ് നാടയില്‍ കുരുങ്ങി അനിഷന് വീട് വയ്ക്കാനുള്പ്പെടെയുള്ള ആനൂകൂല്യങ്ങളൊന്നും കിട്ടാതെയായി. കഴിഞ്ഞവര്‍ഷം വീട് നിര്‍മ്മിക്കാനായി കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

മൂന്ന് മാസം മുന്‍പ് വാര്‍ഡ് മെമ്പര്‍ കെ.പി.കുമാരനും സാമൂഹ്യ പ്രവര്ത്തകന് വി.അച്ചുതനും വീട് നിര്‍മ്മിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക്, പാറക്കടവ് ആസ്ഥാനമായുള്ള മീത്തലെ പറമ്പത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്, കുറുന്തേരി എല്‍.പി.സ്കൂള്‍, ഉമ്മത്തൂര്‍ ഹൈസ്കൂള്‍, വെളക്കോട്ടൂര് എല്‍.പി. സ്കൂള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന നല്കി.

വീടിന്റെ വാര്‍പ്പ് ചെലവ് പ്രവാസി മലയാളിയാണ് ഏറ്റെടുത്തത്. ചുമര് സിമന്റ് പൂശുന്ന പ്രവൃത്തിയും വയറിംഗും രണ്ട് ദിവസത്തിനുള്ളില്‍ തീരും. പെയിന്റിംഗ് മുഴുവന്‍ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്. എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സൗജന്യമായി ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. വീടിന് താത്കാലിക നമ്പര്‍ കിട്ടിയാല്‍ വൈദ്യുതിയും ഉടന്‍ ലഭിക്കും. ഈ മാസം 30 ന് താക്കോല്‍ ദാനം നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ഡ് മെമ്പര്‍ കെ.പി.കുമാരന് പറഞ്ഞു.
