നടിയെ ആക്രമിച്ച സംഭവം പ്രതികൾക്ക് ബി.ജെ.പി. ബന്ധം: കോടിയേരി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ബിജെപി ബന്ധമുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജീഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികള്‍ സിപിഎമ്മുമായി ബന്ധമുള്ളവരാണെന്ന ആരോപണത്തിന് മറുപടിയായാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
കൊച്ചിയിലെ സംഭവത്തെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളെ ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവരും,ക്വട്ടേഷന്‍ എടുത്തവരും ഉണ്ട തിന്നേണ്ടി വരുമെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജീഷ് സിപിഎം പ്രവര്‍ത്തകനാണെന്നാണ് ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവായ എഎന്‍ രാധാകൃഷ്ണനും ആരോപിച്ചിരുന്നു. ഇതിനാലാണ് കൊച്ചിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി പ്രതികരിക്കാന്‍ കാരണമെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന് പറഞ്ഞത്.
