തൊഴിലാളികള്‍ക്ക് ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ടി . പി. രാമകൃഷ്ണന്

കൊയിലാണ്ടി : ബാര്‍ബര്‍-ബ്യൂട്ടീഷ്യന് മേഖലയിലുള്ള ബിനാമി ഷോപ്പുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ – ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളെ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു. കൊയിലാണ്ടി കോതമംഗലം എല്‍പി സ്കൂളിലെ വി വി അപ്പുനഗറില് ചേര്‍ന്ന ജില്ലാ വാര്‍ഷിക ജനറല്‍ബോഡി മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം.എസ് അലവി അധ്യക്ഷത വഹിച്ചു.
അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് തൊഴിലാളികള്‍ക്ക് ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ യോജിപ്പ് വളര്‍ത്താന്‍ എല്ലാ മേഖലയിലെ തൊഴിലാളികളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി എ. ടി സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോളണ്ട് സര്‍ക്കാരില്‍നിന്നും യുവശാസ്ത്രജ്ഞനുള്ള അവാര്‍ഡ് നേടിയ എം. ലിബുവിനും സംസ്ഥാന ട്രഷററായ കെ. സി. അജിത്തിനും വൈസ് പ്രസിഡന്റ് എം. ദാമോദരനും സ്വീകരണം നല്കി. സി. ടി. ഉസ്സന്‍കുട്ടി, ടി. എം. രാജന്, പി. എം. ഗംഗാധരന്, കെ. പി. നാരായണന്, കെ. സി. ദാസ് എന്നിവര്‍ സംസാരിച്ചു. കെ. കെ. രവി സ്വാഗതവും എ. കെ. ശ്യാം നന്ദിയും പറഞ്ഞു.

