KOYILANDY DIARY

The Perfect News Portal

കൊച്ചി-മുസിരിസ് ബിനാലെ ഇന്ന്‌ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ഇന്ന്‌ വൈകിട്ട് 6.30ന് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പരേഡ് ഗ്രൗണ്ടില്‍ 5.15ന് പെരുവനം കുട്ടന്‍മാരാരുടെ മേളം അരങ്ങേറും. ഫോര്‍ട്ട്കൊച്ചിയിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ പാഴ്വസ്തുക്കള്‍ സംസ്കരിച്ചെടുത്താണ് പ്രധാന വേദി നിര്‍മിച്ചിരിക്കുന്നത്. തനതു കേരളീയ മാതൃകയില്‍ ആര്‍ക്കിടെക്ട് ടോണി ജോസഫ്  രൂപകല്‍പ്പന ചെയ്ത പവലിയനില്‍ 300 പേര്‍ക്ക് ഇരിക്കാം. 4157 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പവലിയന്‍ പൂര്‍ണമായും ശീതീകരിച്ചതാണ്.

പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൌസില്‍ പകല്‍ 12ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. ‘ഉള്‍ക്കാഴ്ചകളുരുവാകുന്നിടം’ എന്ന തലക്കെട്ടില്‍ 31 രാജ്യത്തുനിന്നുള്ള 97 കലാകാരന്മാരുടെ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ബിനാലെ കാഴ്ചകളിലുണ്ടാകും. പട്ടികയിലുള്ള 36 ഇന്ത്യക്കാരില്‍ എട്ടുപേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. വിവിധ ശൈലികളും ചിട്ടകളും ഭാവുകത്വങ്ങളും ഉള്‍പ്പെടുത്തിയ പട്ടികയില്‍ എഴുത്തുകാരും നര്‍ത്തകരും കവികളും സംഗീതജ്ഞരും നാടകരംഗത്തുനിന്നുള്ളവരും ദൃശ്യകലാകാരന്മാരും ഉള്‍പ്പെടും. സുദര്‍ശന്‍ ഷെട്ടിയാണ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യുറേറ്റര്‍. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എറണാകുളം എന്നിവിടങ്ങളിലായാണ് 108 ദിവസത്തെ ബിനാലെയ്ക്കായി 12 വേദിയില്‍കലാരൂപങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. പ്രദര്‍ശനങ്ങള്‍ക്കുപുറമെ വിദ്യാര്‍ഥി ബിനാലെ അടക്കം നിരവധി അനുബന്ധ പരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *