തെങ്ങില്‍ നിന്ന് വീണയാള്‍ ഇടുപ്പില്‍ തിരുകിയിരുന്ന കത്തി തുളഞ്ഞുകയറി മരിച്ചു

തിരുവനന്തപുരം: തെങ്ങില്‍ നിന്ന് വീണയാള്‍ ഇടുപ്പില്‍ തിരുകിയിരുന്ന കത്തി തുളഞ്ഞുകയറി മരിച്ചു. ഇലിപ്പോട് സ്വാഗത് നഗറില്‍ രവീന്ദ്രന് നായരാണ് (63) മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെ വട്ടിയൂര്‍ക്കാവ് മരുതംകുഴി പടയണിയില്‍ ആദിത്യയിലാണ് ദുരന്തമുണ്ടായത്.
മെഷീനുപയോഗിച്ച് തെങ്ങുകയറുന്ന തൊഴിലാളിയായ രവീന്ദ്രന്‍നായര്‍ തെങ്ങിന്റെ മുകളിലെത്താറായപ്പോള്‍ അബദ്ധത്തില്‍ പിടിവിട്ട് നിലത്തു വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടുപ്പില്‍ തിരുകിയിരുന്ന മൂര്‍ച്ചയേറിയ കത്തി പുറത്ത് തുളച്ച് കയറി. വീഴ്ചയില്‍ വയര്‍ പിളര്‍ന്ന് കുടല്മാലകള്ക്കൊപ്പം കത്തി പുറത്തേക്ക് ചാടിയ രവീന്ദ്രന്‍നായര്‍ തല്‍സമയം മരിച്ചു.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വട്ടിയൂര്‍ക്കാവ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.

