തിരുവല്ലയില്‍ രക്ഷാ ദൗത്യവുമായി പട്ടാളമെത്തി

തിരുവല്ല> വലിയതോതില്‍ ജലനിരപ്പ് ഉയര്‍ന്ന തിരുവല്ലയില്‍ രക്ഷാ ദൗത്യവുമായി പട്ടാളമെത്തി. 81 അംഗ സൈനിക സംഘമാണ് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കൂടുതല്‍ പോലീസും എത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. 35 ബോട്ടുകളും വള്ളങ്ങളും എത്തിച്ചിട്ടുണ്ട്.
വെള്ളം വല്ലാതെ ഉയര്‍ന്ന മേഖലയാണ് തിരുവല്ല. പത്തനംതിട്ട ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം കൂടുതലായി ഒഴുകി എത്തുന്ന പ്രദേശമാണ് തിരുവല്ല പട്ടണവും അപ്പര്‍ കുട്ടനാട് മേഖലയില്‍പെട്ട സമീപ പഞ്ചായത്തുകളും. കടപ്ര,പെരിങ്ങര,നെടുമ്ബ്രം,കുറ്റൂര്‍,ഇരവിപേരൂര്‍,കവിയൂര്‍ തോട്ടപ്പുഴശ്ശേരി തുടങ്ങിയ പഞ്ചായത്തുകളൊക്കെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ചില വീടുകള്‍ മേല്‍ക്കൂര പോലും കാണാനാകാത്ത വിധം വെള്ളം കയറി.

വള്ളങ്ങളും ബോട്ടുകളും എത്തിച്ച് വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു. ബോട്ടില്‍ രക്ഷിയ്ക്കാനാകാത്തവരെ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നു. ജലവിഭവ മന്ത്രി മാത്യു ടി തോമസ് തന്നെ സ്ഥലത്ത് ക്യാമ്ബ് ചെയ്ത് നേതൃത്വം നല്‍കുന്നു.കലക്ടര്‍ പി ബി നൂഹ്,സ്പെഷ്യല്‍ ഓഫീസര്‍ ഹരികിഷോര്‍ തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്.

