തിരഞ്ഞെടുപ്പ് അക്രമ സാധ്യത മുന്നിൽക്കണ്ട് പോലീസിന് തീവ്ര പരിശീലനം

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമസാധ്യത മുന്നിൽക്കണ്ട് നേരിടാൻ പോലീസും തയ്യാറെടുക്കുന്നു. കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് കീഴിലുളള എസ്.ഐ. മുതലുളള പോലീസ് ഉദ്യോഗസ്ഥർക്കാണ് അടിയന്തിര സാഹചര്യങ്ങളിൽ അക്രമത്തെ നേരിടാനുളള തീവ്ര പരിശീലനം നൽകുന്നത്. കൊയിലാണ്ടി ഒറോക്കുന്നിലെ എ.ആർ കേമ്പ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. റൂറൽ എസ്.പി. പ്രതീഷ് കുമാറിന്റെ നേരിട്ടുളള മേൽനോട്ടത്തിലായിരുന്നു പരിശീലനം.
റൂറൽ ജില്ലയിലുൾപ്പെടെ നാദാപുരം,താമരശ്ശേരി,വടകര എന്നീ സബ്ബ് ഡിവിഷനിലെ മുഴുവൻ ഡി.വൈ.എസ്.പി മാരും സി.ഐമാരും 21 പോലീസ് സ്റ്റേഷനിലെ എസ്.ഐമാരും പരിശിലനത്തിൽ എത്തിയിരുന്നു. അക്രമ സ്ഥലങ്ങളിൽ ഗ്രനേഡ് പ്രയോഗിക്കൽ,റബ്ബർ ബുളളറ്റ് ഉപയോഗിക്കൽ,വജ്ര പോലുളള ആധുനിക പ്രതിരോധ വാഹനങ്ങളുടെ ഉപയോഗം എന്നിവയെല്ലാം പരിശീലന വിധേയമാക്കി. ഇത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു പരിശീലനം നൽകുന്നത്. പ്രശ്ന സാധ്യതയുളള ബൂത്തുകളിൽ കൂടുതൽ ജാഗ്രത പോലീസ് സ്വീകരിക്കും. അക്രമകാരികളെ കർശനമായി നേരിടാനാണ് പോലീസ് ഒരുങ്ങുത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സ്റ്റേഷനിലെ മറ്റ് പോലീസുകാർക്കും ഇതിന്റെ ഉപയോഗം പഠിപ്പിച്ചു കൊടുക്കും. ഏറ്റവും നൂതനമായ ഗ്രനേഡ് പോലും പൊട്ടിച്ചാണ് പോലീസ് കേമ്പിൽ പരിശീലനം നൽകിയത്. ഏ.ആർ.കേമ്പ് അസി കമാണ്ടന്റ് രത്നാകരനും പരിശീലനത്തിന് നേതൃത്വം നൽകി.

