താമരശേരി ചുരത്തിലെ കുഴികള്‍ അടച്ചു

താമരശേരി: താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയ കുഴി ഇന്നലെ താത്കാലികമായി അടച്ചു. തിരുവനന്തപുരം ബംഗളൂരു കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഏഴാം വളവിലെ കുഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നാലു മണിക്കൂറോളം ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ച രണ്ട്, നാല്, ഒന്‍പത് വളവുകള്‍ ഒഴികെ ചുരം റോഡ് പലഭാഗങ്ങളും ടാറിംഗ് ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
വാഹനങ്ങള്‍ കുടുങ്ങുന്നതോടെ മണിക്കൂറുകളാണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുന്നത്. രാത്രി വെള്ളവും വെളിച്ചവുമില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം കനത്തതാണ്. തടസം നീക്കിയാലും ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. താമരശേരി ചുങ്കം, ഈങ്ങാപ്പുഴ ടൗണ്‍ തുടങ്ങി മിക്ക സ്ഥലങ്ങളിലും ടാറിംഗ് ഇളകിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ലക്കിടി മുതല്‍ നെല്ലാങ്കണ്ടി വരെയുള്ള 30 കിലോമീറ്റര്‍ റോഡ് 13 കോടി രൂപ ചെലവിലാണ് റീടാര്‍ ചെയ്തത്. ടാറിംഗിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്നാണ് ആരോപണം.

