താലൂക്ക് ആശുപത്രി കാഷ്വാലിറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റി

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കാഷ്വാലിറ്റി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇന്നു കാലത്ത് ഔപചാരികമായ പരിപാടികൾ ഒന്നും ഇല്ലാതെയാണ് കഷ്വാലിറ്റിയുടെയും, മൂന്നാം നിലയിൽ കുട്ടികളുടെ വാർഡുമാണ് പ്രവർത്തനം ആരംഭിച്ചത്. 20 ഓളം ബെഡുകളാണ് കാഷ്വാലിറ്റിയിൽ ഒരുക്കിയത്. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാൽ ഔപചാരികമായ ഉദ്ഘാടനം നടത്തുമെന്ന് എം.എൽ.എ.യും, ചെയർമാനും അറിയിച്ചു.
6 നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷമായെങ്കിലും, സാങ്കേതിക തടസ്സങ്ങളും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുമുണ്ടായ കാലതാമസമാണ് പ്രവർത്തനം ആരംഭിക്കാൻ സാധിക്കാതിരുന്നത്. രണ്ട് തവണ ഉൽഘാടനം ചെയ്യാൻ നിശ്ചയിച്ചെങ്കിലും, കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉൽഘാടനം മാറ്റുകയായിരുന്നു.

നേരത്തെ ഒ പി.വിഭാഗം പ്രവർത്തനം പുതിയ കെട്ടിടത്തിൽ തുടങ്ങിയിരുന്നു. കാഷ്വാലിറ്റി പ്രവർത്തനം തുടങ്ങിയ ശേഷം ക്രമേണ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു പറഞ്ഞു. മുഴുവൻ വാർഡുകളും മാറ്റണമെങ്കിൽ തിയ്യറ്റർ സംവിധാനമടക്കം ഒരുക്കേണ്ടതായിട്ടുണ്ട്.

ഇന്നു കാലത്ത് നടന്ന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ നഗരസഭാ ചെയർമാൻ അഡ്വ; കെ.സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.സുന്ദരൻ, കെ.ഷിജു, കൗൺസിലർ സി.കെ.സറീന, വിവിധ രാഷട്രീയ പാർട്ടി നേതാക്കൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

