താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ സാധിക്കുന്ന തരത്തില്‍ റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ സാധിച്ചത്.
നിലവില്‍ റോഡിന്റെ ഒരു ഭാഗം അപകടാവസ്ഥയിലാണ്. ഇന്ന് വൈകീട്ടോടെ റോഡിന്റെ താത്കാലിക നിര്‍മാണം പൂര്‍ത്തിയാവുന്ന പക്ഷം ഒരു ഭാഗം വഴിയുള്ള ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കല്പറ്റയില് നിന്ന് ചിപ്പിലിത്തോട് വരെയും ചിപ്പിലിത്തോട് നിന്ന് കോഴിക്കോട് വരെയും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിട്ടില്ല.

വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ഭാരം കുറഞ്ഞ വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കളക്ടര്‍ അറിയിച്ചിരുന്നു. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കകം ചുരം റോഡില്‍ ഒരു ലൈനില്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. മൂന്നു മാസത്തിനകം റോഡ് പുനര്‍നിര്‍മ്മിക്കും. ചിപ്പിലി തോട്ടില്‍ തടസ്സപ്പെട്ട കലുങ്ക് ഡ്രയിനേജ് എന്നിവ തുറന്ന് വിടും. ചുരം റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വിശദമായ പഠനം നടത്തുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.



