ജില്ലയിൽ വരള്‍ച്ച രൂക്ഷം: പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടു

പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം, പാറക്കടവ്, പാലത്തിങ്ങല്‍, കുണ്ടന്‍കടവ് ഭാഗങ്ങള്‍ വരെ കടലുണ്ടിപ്പുഴയില്‍ ശുദ്ധജലമാണ്.
മണ്ണട്ടാംപാറ അണക്കെട്ടിനിപ്പുറം മാതാപ്പുഴ, ഓലിപ്രം, തിരുത്തിക്കോട്ടക്കടവ് വരെ ഉപ്പുവെള്ളം കയറുന്നതിനാല്‍ കുടിവെള്ള-ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല. വേനല്‍ അതിന്റെ പാരമ്യത്തിലെത്തിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ പൂര്‍ണ്ണമായും വറ്റി. അലക്കാനും കുളിക്കാനും വെള്ളമില്ലാതായതോടെ പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുഴയില്‍ വെള്ളമുള്ള ഭാഗങ്ങളിലേക്കെത്തിയാണ് ആവശ്യങ്ങള്‍ നടത്തുന്നത്.

ജല അതോറിറ്റിയുടെ തന്നെ 14 പമ്പ് ഹൗസുകള്‍ കടലുണ്ടിപ്പുഴയിലുണ്ട്. ജലവിതാനം ക്രമാതീതമായി താഴ്ന്നതിനാല്‍ പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് വേണ്ട മുന്നൊരുക്കമില്ലാത്തത് കാരണമാണ് കുടിവെള്ള വിതരണം മുടങ്ങാനിടയാക്കിയത്.

കേന്ദ്ര കാര്‍ഷിക വികസന മന്ത്രാലയം ഒരുവര്‍ഷം മുമ്പ് തന്നെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കൃഷി-ജലസേചന മന്ത്രിമാരുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയെ കുറിച്ചും കാര്‍ഷിക മേഖലയെ ഇത് ബാധിക്കാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച പടിവാതിലിലെത്തിയപ്പോഴാണ് യോഗം ചേര്‍ന്നത് തന്നെ.

പിന്നീട് അപക്വമായ പല നടപടികള്‍ക്കും ഫലപ്രാപ്തിയുണ്ടായില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച മഴക്കുഴികള്‍ വെറുതെയായി. വേനല്‍മഴ പോലും കാര്യമായി ലഭിക്കാത്തതിനാല്‍ നാട് അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്.
ടാങ്കര്‍ ലോറികളില്‍ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും കുടിവെള്ളമെത്തിക്കുന്നതാണ് ഏക ആശ്വാസം. വരള്‍ച്ച നേരിടുന്നതിലും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും വകുപ്പുതല കെടുകാര്യസ്ഥത കാരണം പാടശേഖരങ്ങള്‍ തരിശായി കിടക്കുകയാണ്.
