ജവാൻ സുബിനേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം വിപുലമായി ആചരിക്കും

കൊയിലാണ്ടി: ഇന്ത്യ-പാക്ക് അതിർത്തിയിൽ ഭീകരവാദികളോട് പൊരുതി മരിച്ച ധീര രക്തസാക്ഷി ജവാൻ സുബിനേഷിന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. സുബിനേഷിന്റെ ജന്മസ്ഥലമായ കൊയിലാണ്ടി ചേലിയ മുത്തുബസാറിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം ഇന്ന് നാടിന് സമർപ്പിക്കും. നവംബർ 20 ഞായറാഴ്ച ജവാൻമാരുടെ ഒത്തുചേരലിൽ വീരസ്മരണ നടക്കും. 21ന് സബ്ജില്ലാതല ക്വിസ് മത്സരവും, 22ന് ഭീകരവിരുദ്ധ പ്രഭാഷണവും, 23ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അവയവദാന സമർപ്പണം, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് എന്നിവയും തുടർന്ന് സമാപനവും നടക്കും. മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രൻ, എ.കെ ശശീന്ദ്രൻ, എം.എൽ.എ. കെ. ദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, എം.ആർ. രാഘവവാര്യർ, ഇന്ത്യൻ കരസേനയിൽ നിന്നും വിരമിച്ച പ്രമുഖർ തുടങ്ങിയവർ വിവിധ പരിപാടികളിലായി പങ്കെടുക്കും.
