ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുന്നതും കാത്ത് ആയിരങ്ങൾ

കോഴിക്കോട്: പെരുവണ്ണാമൂഴി അണക്കെട്ടില്‍ ജപ്പാന് കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച 18 കൂറ്റന്‍ ജലസംഭരണികള്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് ഈ അവസ്ഥ. ഇതുമൂലം ഈ വര്‍ഷത്തെ വരള്‍ച്ചക്കാലവും കുടിവെള്ളം ലഭിക്കാതെ ജനം വലയും. പെരുവണ്ണാമൂഴി അണക്കെട്ടില്‍നിന്ന് ശുദ്ധീകരിച്ച് ഈ ജലസംഭരണികളില്‍ എത്തിക്കുന്ന വെള്ളം വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകാത്തതാണ് ഇവ നോക്കുകുത്തികളായി നില്ക്കാന് കാരണം.
ജപ്പാന് കുടിവെള്ളപദ്ധതിയിലൂടെ ജലവിതരണം നടത്തുന്നതിന് 23 ജലസംഭരണികളാണ് വിഭാവനം ചെയ്തിരുന്നത്. പുതിയതായി പുതിയതായി ഇരുപത് ജലസംഭരണികളും നഗരപ്രദേശത്ത് നേരത്തേ നിലവിലുള്ള മൂന്നുമായിരുന്നു അവ. ഇതില്‍ നിലവില്‍ നഗരപ്രദേശത്ത് ജപ്പാന് വെള്ളം വിതരണം ചെയ്യുന്നതു മുഴുവന്‍ നേരത്തേ ഇവിടെയുള്ള മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, പൊറ്റമ്മല്‍ ജലസംഭരണികളെ ആശ്രയിച്ചാണ്. പുതിയതായിനിര്മിച്ചവയില് ബേപ്പൂരിലെ ജലസംഭരണിയില്‍നിന്ന് മാത്രമാണ് ഇപ്പോള്‍ പൂര്‍ണതോതില്‍ ജലവിതരണം നടക്കുന്നത്. ഗോവിന്ദപുരം എരവത്തുകുന്നില്‍ വിശാലമായ ജലസംഭരണി വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്മിഷന് ചെയ്തിട്ടുണ്ടെങ്കിലും വളരെ ചെറിയതോതില്‍ മാത്രമേ ഇതില്‍നിന്ന് ജലവിതരണം ആരംഭിച്ചിട്ടുള്ളൂ.

ബാലുശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, കക്കോടി, കുരുവട്ടൂര്‍, ബാലമന്ദിരം, നരിക്കുനി, കുന്ദമംഗലം, തലക്കുളത്തൂര്‍, പൊറ്റമ്മല്‍, ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്,മെഡിക്കല്‍ കോളേജ്, പെരുമണ്ണ, ഒളവണ്ണ, ചെറുവണ്ണൂര്‍, കടലുണ്ടി എന്നിവിടങ്ങളിലായാണ് മറ്റ് 18 ജലസംഭരണികള്‍ നിര്‍മിച്ചിട്ടുള്ളത്. ഇവയുടെ നിര്‍മാണം കഴിഞ്ഞ് ജലം പൂര്‍ണമായി നിറച്ചുള്ള പരിശോധനകള്‍ കഴിഞ്ഞ് കമ്മിഷനിങ് പൂര്‍ത്തിയായിട്ടുതന്നെ വര്‍ഷങ്ങളായി. കോടികള്‍ ചെലവിട്ട് പദ്ധതി പൂര്‍ത്തീകരിച്ച് കിലോമീറ്ററുകളോളം ദൂരത്തേക്ക് ശുദ്ധജലം എത്തിച്ചിട്ടും വരള്‍ച്ചയനുഭവിക്കുന്ന വീട്ടുകാര്‍ക്ക് വെള്ളമെത്തിച്ചുനല്കാന് സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലസംഭരണികളില്‍ കെട്ടിനിര്‍ത്തിയിട്ടുള്ള ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ലോറിയില്‍ അടിച്ച് വീടുകളില്‍ എത്തിക്കുമെന്ന ജല വിഭവ മന്ത്രിയുടെ പ്രഖ്യാപനം മാത്രമാണ് വരള്‍ച്ച പ്രദേശക്കാരുടെ ഇപ്പോഴത്തെ ഏക പ്രതീക്ഷ.

