ഛത്തീസ്ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കുന്നു

റാഞ്ചി: ഛത്തീസ്ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കുന്നു. തമിഴ്നാടിനും രാജസ്ഥാനും പിന്നാലെയാണ് ഛത്തീസ്ഗഡ് തീരുമാനം. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസകരമാകുന്നു. 2014-ല്‍ സുപ്രീംകോടതി ട്രാന്‍സ്ജെന്‍ഡര്‍മാരെ മൂന്നാമത്തെ ലിംഗമായി പ്രഖ്യാപിക്കുകയും അടിസ്ഥാന അവകാശങ്ങള്‍ക്ക് തുല്യാവകാശം ഉണ്ടെന്ന് വിധിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഭിന്നലിംഗക്കാരെ പോലീസില്‍ നിയമിച്ചിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടര്‍ തമിഴ്നാട് പോലീസിലെ പ്രിതിക യാഷിനിയാണ്. ഏറെക്കാലത്തെ നിയമയുദ്ധത്തിന് ഒടുവിലാണ് പ്രിതികയ്ക്ക് പോലീസ് സേനയില്‍ ജോലി ലഭിക്കുന്നത്. ഗംഗാകുമാരിയാണ് രാജസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും പോലീസില്‍ അംഗമായത്. കഴിഞ്ഞ നവംബറില്‍ രാജസ്ഥാന് ഹൈക്കോടതി ഗംഗാ കുമാരിയെ പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആയി നിയമിക്കാന്‍ ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു.

