ചോക്ലേറ്റിന്റെ രൂപത്തിലുള്ള ലഹരിമരുന്നുമായി യുവാവ് പിടിയില്‍

വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കെ എസ് ആര് ടി സി ബസിലെ യാത്രക്കാരനില്‍ നിന്നും പിടികൂടിയത് ഇരുപത് ലക്ഷത്തിന്റെ മയക്കുമരുന്ന്. 2.025 കിലോഗ്രാം ചരസ് കടത്താന്‍ ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കോഴിക്കോട് ചെറൂപ്പ താത്തംചേരി ടി തെഹ്സില്‍ (27) ആണ് മയക്കുമരുന്നുമായി കുടുങ്ങിയത്. മൈസൂരുവില്‍ നിന്ന് പൊന്നാനിയിലേക്ക് വരികയായിരുന്ന കെ എസ് ആര് ടി സി ബസിലായിരുന്നു ഇയാള്‍ ചരസ് കടത്തിയത്. ചോക്ലേറ്റിന്റെ രൂപത്തില്‍ പായ്ക്ക് ചെയ്ത രീതിയിലായിരുന്നു മയക്കുമരുന്ന്.
അന്താരാഷ്ട്ര വിപണിയില്‍ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുവാണിതെന്ന് എക്സൈസ് സംഘം അറിയിച്ചു. എന്‍ ഡി പി എസ് നിയമപ്രകാരം പത്തുമുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബംഗളൂരുവില്‍ നിന്ന് വാങ്ങിയ ചരസ് കോഴിക്കോട്ടെത്തിച്ച് ഖത്തറിലേക്ക് കടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജി ജി ഐപ്പ് മാത്യു, പി സജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ശശി, കെ എം സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി രഘു, അജേഷ് വിജയന് എന്നിവരടങ്ങിയ സംഘമാണ് ചരസ് പിടികൂടിയത്.
മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണ് പിടിയിലായതെന്നും മറ്റംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
