ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സീതാറാം യെച്ചൂരി

ചെന്നൈ > മഴ ദുരന്തംവിതച്ച ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരെ അദ്ദേഹം നേരില്‍ക്കണ്ട് ആശ്വസിപ്പിച്ചു. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സമാഹരിച്ച സഹായ കിറ്റുകളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച നോര്‍ത്ത് ചെന്നൈയിലെ ആര്‍ കെ നഗര്‍, നേതാജി നഗര്‍, തമിഴന്‍ നഗര്‍, തിരുവെട്ടിയൂര്‍, സൌത്ത് ചെന്നൈയിലെ എം ജി ആര്‍ നഗര്‍, തരമണി പെരിയാര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ റോഡിലിറങ്ങി യെച്ചൂരിയോട് തങ്ങളുടെ ദുരിതാവസ്ഥ വിവരിച്ചു. ആശ്വാസവാക്കുകളാല്‍ ഏവര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന അദ്ദേഹം സിപിഐ എമ്മിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, എ സൌന്ദര്‍രാജന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി എല്‍ സുന്ദരരാജന്‍, ടി കെ ഷണ്‍മുഖം, എസ് കെ മഹേന്ദ്രന്‍, ആര്‍ ലോകനാഥന്‍ തുടങ്ങിയവര്‍ യെച്ചൂരിയെ അനുഗമിച്ചു.
