ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനുള്ള ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നു. ബൈപ്പാസിന് വേണ്ടി സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഉടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കെ.ദാസന് എം.എല്‍.എ.യും നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യനും അറിയിച്ചു.
ബൈപ്പാസ് വരുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച് മൂടാടി പഞ്ചായത്തിലെ 100 പേരും നഗരസഭയിലെ 32-ാം വാര്‍ഡിലുള്ള അമ്പതോളം പേരും സമ്മതപത്രം നല്‍കിയതായാണ് വിവരം. ബാക്കിയുള്ള സ്ഥലമുടമകളില്‍ നിന്നുകൂടി സമ്മതം വാങ്ങിക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുത്തുകിട്ടിയാല് ബൈപ്പാസ് നിര്‍മാണം പെട്ടെന്നാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഉറപ്പ് നല്‍കിയതായി കെ.ദാസന് എം.എല്‍.എ. പറഞ്ഞു. എന്നാല്‍ നിലവിലുള്ള ദേശീയപാത വീതികൂട്ടി വികസിപ്പിക്കണമെന്നും ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. ബൈപ്പാസ് വരുമ്പോള്‍ 628 പേര്‍ക്ക് വീട് നഷ്ടമാകുമെന്നും അഞ്ച് കുന്നുകളും ഏഴ് കുളങ്ങളും ഇല്ലാതാകുമെന്നും കര്‍മ സമിതി ചെയര്മാന് രാമദാസ് തൈക്കണ്ടി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് വ്യക്തമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള റോഡ് 30 മീറ്ററില്‍ വികസിപ്പിക്കുകയും കൊയിലാണ്ടി ടൗണില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയുമെന്നാണ് ബൈപ്പാസ് വിരുദ്ധ കര്‍മ സമിതി പറയുന്നത്. ഇരുപതുവര്‍ഷമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ബൈപ്പാസ് പദ്ധതിക്ക് വേണ്ടി കല്ലിട്ടിട്ട്. 1995-ലാണ് ഈ പദ്ധതിക്കുള്ള പ്രൊപ്പോസല്‍ വന്നത്. ഇതുപ്രകാരം 1997-ല്‍ ബൈപ്പാസ് പദ്ധതിക്കായി 30 മീറ്റര്‍ വീതിയില്‍ കല്ല് നാട്ടി. ആദ്യം 30 മീറ്റര്‍ വീതിയില്‍ റോഡ് വരുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 45 മീറ്റര്‍ വീതിയെന്നാക്കി മാറ്റി. ബൈപ്പാസിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന്റെ മുന്നോടിയായി രണ്ട് മൂന്ന് തവണ വിജ്ഞാപനവും ഇറക്കിയിരുന്നു. എന്നാല്‍ സ്ഥലമുടമകളുടെ എതിര്‍പ്പ് കാരണം പ്രവര്‍ത്തനം മുന്നോട്ട് പോയില്ല.

