ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുത്: ഗ്രാമസഭ

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുതെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ക്വാറിക്കും ക്രഷറിനുമെതിരെ പി.കെ.ബാലന് അവതരിപ്പിച്ച പ്രമേയം 49നെതിരെ 342 വോട്ടുകള്‍ക്കാണ് പാസായത്. വാര്‍ഡിലെ വോട്ടര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച് ചെങ്ങോടുമല വിഷയം മാത്രം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കുകയായിരുന്നു. വാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആളുകള്‍ ഗ്രാമസഭയില്‍ പങ്കെടുക്കുന്നത്.
ഗ്രാമസഭയില്‍ പങ്കെടുത്തതില്‍ കൂടുതലും സ്ത്രീകളായിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങാന്‍ ഡെല്‍റ്റ റോക്സ് പ്രൊഡക്ട് എന്ന സ്വകാര്യ കമ്ബനിയാണ് ശ്രമം നടത്തുന്നത്. ക്വാറിക്ക് ആളുകളെ അനുകൂലമാക്കുന്നതിന് സ്വകാര്യ കമ്ബനി സ്ത്രീകള്‍ ഉള്‍പ്പെടെ കുറച്ച് പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ കൊടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ഖനനത്തിനു നല്കിയ പാരിസ്ഥിതികാനുമതി പുന:പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ മലയില്‍, കെ.കെ.സുജിത്ത്, അസി: സെക്രട്ടറി വിനോദ്കുമാര്‍, കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം ടി.കെ.രഗിന്‍ ലാല്‍ സ്വാഗതം പറഞ്ഞു.

