KOYILANDY DIARY.COM

The Perfect News Portal

ചാലിയാറിലൂടെ ഉല്ലാസ ബോട്ട് സര്‍വീസിന് തുടക്കമാവുന്നു

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖം വഴി ചാലിയാറിലൂടെ ഉല്ലാസ ബോട്ട് സര്‍വീസിന് തുടക്കമാവുന്നു. ആഭ്യന്തര-വിദേശ വിനോദ സഞ്ചാര സംഘങ്ങളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഉല്ലാസബോട്ട് സര്‍വീസ് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊളത്തറ ചുങ്കം ടീം ഐലന്റ് കടവില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വി.കെ.സി. മമ്മദ്കോയ എം.എല്‍.എ. ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപും ടീം അയലന്റ് ടൂറിസ്റ്റ് ബോട്ട് സര്‍വീസ് എന്ന സ്വകാര്യ സംരംഭകരും തമ്മില്‍ ഉല്ലാസ ബോട്ട് സര്‍വീസ് സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ചാലിയാറിലെ ജലയാത്രാ സ്വപ്നം സഫലീകൃതമാകുന്നത്.

ഉല്ലാസയാത്രാ ബോട്ടില്‍ 40 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രയില്‍ യോഗം കൂടാനുള്ള സജ്ജീകരണവും ബോട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിസുന്ദരമായ ചാലിയാറിന്റെ തീരഭംഗി, ചെറുവണ്ണൂര്‍-ഫറോക്ക് മേഖലയിലെ ഓട് ഫാക്ടറികളുടെ പുഴയോരകാഴ്ചകള്‍, ചാലിയാറില്‍ പലയിടങ്ങളിലുമായുള്ള കൊച്ചു ദ്വീപുകള്‍, ബേപ്പൂര്‍ തുറമുഖ-അഴിമുഖ കാഴ്ചകള്‍ തുടങ്ങിയവയെല്ലാം ചാലിയാര്‍ ഉല്ലാസ ബോട്ട് യാത്രയിലെ പ്രത്യേകതയാണ്.

Advertisements

കൊളത്തറയില്‍നിന്ന് ചുങ്കം, കടവ് വഴി ഊര്‍ക്കടവിലെത്തുന്ന ഉല്ലാസബോട്ട് ഫറോക്ക് ഓട്ടു കമ്പനികള്‍ സ്ഥിതിചെയ്യുന്ന നദീതീരത്തുകൂടെ ബേപ്പൂര്‍ തുറമുഖത്തെത്തും. അവിടെനിന്ന് കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമായ പുലിമുട്ടും മറീന ജെട്ടിയും കടന്ന് ചാലിയം, കരുവന്‍തിരുത്തി ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.

കൊളത്തറ ചുങ്കത്തിനടുത്ത ബി.കെ. കനാലിലെ ഫുഡ് ഹട്ട് സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള താവളമാണ്. ഇന്‍ലന്റ് വെസ്സല്‍ ആക്‌ട് പ്രകാരം അനുവര്‍ത്തിക്കേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചശേഷമാണ് ഉല്ലാസ ബോട്ട് സര്‍വീസിന് തുടക്കമിടുന്നതെന്ന് ടീം ഐലന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കളത്തില്‍ മമ്മുണ്ണിയും എം.ഡി. കളത്തില്‍ സിദ്ദിഖും പറഞ്ഞു.

കടല്‍ത്തീര വിനോദ കേന്ദ്രമായ ബേപ്പൂരിലെ പുലിമുട്ടില്‍ നിര്‍മിച്ച മറീന ജെട്ടിയില്‍നിന്ന് വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാട്ടേക്ക് ഉരുവില്‍ ഉല്ലാസയാത്രയ്ക്കുള്ള രൂപരേഖ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അധികൃതരുടെ നിര്‍ദേശപ്രകാരം ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേശ് തയ്യാറാക്കിയിരുന്നുവെങ്കിലും അധികൃത നിസ്സംഗതയെത്തുടര്‍ന്ന് അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.

ഇപ്പോള്‍ ആരംഭിക്കുന്ന ഉല്ലാസബോട്ടിന് പുറമെ ആഗസ്റ്റ് മാസത്തോടെ സ്​പീഡ് ബോട്ടുകള്‍ സര്‍വീസ് തുടങ്ങാനും ടീം ഐലന്റ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ചാലിയാറില്‍ ഉല്ലാസബോട്ടില്‍ യാത്ര ചെയ്യുന്ന വിനോദ സഞ്ചാര സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പാക്കേജ് പ്രകാരം രാവിലെതൊട്ട് വൈകുന്നേരം വരെയുള്ള യാത്രയ്ക്ക് 15 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് 15,000 രൂപയും 25 പേര്‍ക്ക് 17,000 രൂപയും 40 പേര്‍ക്ക് 20,000 രൂപയുമാണ്. ബി.കെ. കനാലിനടുത്ത വലിയമാട് തുരുത്തില്‍ പ്രകൃതി സഞ്ചാരത്തിനുള്ള ഏര്‍പ്പാടും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *