ഗുഡ്‌സ് ഓട്ടോ ഡിവൈഡറിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കാൽ അറ്റുപോയി

കല്ലമ്പലം : നിയന്ത്രണം തെറ്റിയ പെട്ടിഓട്ടോ റോഡിന് സൈഡില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയിലിടിച്ച് ഡ്രൈവറായിരുന്ന വിദ്യാര്‍ത്ഥിയുടെ കാല്‍ അറ്റുപോയി.നാവായിക്കുളം വൈരമല നാസര്‍ മന്‍സിലില്‍ ബധിരനായ നാസറിന്റെയും ഷാനിഫാ ബീവിയുടെയും മകന്‍ അല്‍ അമീന്റെ (22) കാലാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അമീന്‍.
ഇന്നലെ രാവിലെ തുമ്പോട് റോഡില്‍ ഐറ്റിന്‍ ചിറയ്ക്കു സമീപമായിരുന്നു അപകടം.നാവായിക്കുളത്ത് നിന്നും ഡീസന്റ് മുക്ക് ഭാഗത്തേക്ക് പിക് അപ് ആട്ടോയില്‍ പോകുകയായിരുന്ന അല്‍ അമീന്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ആട്ടോ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയിലിടിച്ച് കയറി. ഇടിയുടെ ആഘാതത്തില്‍ ആട്ടോയുടെ മുന്‍ഭാഗം തകര്‍ന്ന് പുറത്തേക്ക് തള്ളി നിന്ന വേലിയുടെ മുന്‍ഭാഗം തുളച്ച് കാലില്‍ കയറുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അമീനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അവിടെയെത്തിയ ശേഷമാണ് കാല്‍ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.കാലിന്റെ മുട്ടിന് താഴെ വച്ച് മുറിഞ്ഞ് പോയ നിലയിലായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ സംഭവ സ്ഥലത്ത് നിന്നും അറ്റുപോയ കാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല.അശാസ്ത്രീയമായി സ്ഥാപിച്ച ബാരിക്കേഡാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

