KOYILANDY DIARY.COM

The Perfect News Portal

കർഷകന്റെ ആത്മഹത്യ: കുടുംബം കളക്ടറുടെ മുന്നില്‍

കോഴിക്കോട്: ഭൂനികുതിയടയ്ക്കാനാകാതെ ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭാര്യ മോളി തോമസും മക്കളും ജില്ലാ കളക്ടര്‍ യു.വി. ജോസിനെ കണ്ടു. മകള്‍ അമലുവിന് ഒരു ജോലി നല്‍കണമെന്നും കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യമാണ് കുടുംബം കളക്ടര്‍ക്കുമുമ്പാകെ അവതരിപ്പിച്ചത്.

മകള്‍ അമലു തോമസ് ബെംഗളൂരുവില്‍ 75,000 രൂപ ഫീസടച്ച്‌ എം.എസ്.ഡബ്ല്യുവിന് ചേര്‍ന്നിരുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം വേണം. എന്നാല്‍ ജോയിയുടെ മരണത്തോടെ അവിടെ പഠനം തുടരുന്ന കാര്യം അനശ്ചിതത്വത്തിലായി. അമ്മയെ തനിച്ചാക്കി പോകേണ്ടിവരുമെന്ന പ്രശ്നവുമുണ്ട്. നേരത്തേയുള്ള വിദ്യാഭ്യാസവായ്പയടക്കമുള്ള കടബാധ്യതകള്‍ വേറെ. കാര്യങ്ങള്‍ പറയവെ പൊട്ടിക്കരഞ്ഞ അമലുവിനെ കളക്ടര്‍ ആശ്വസിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ പഠനം മാത്രമായി മുന്നോട്ടുപോവാനാവില്ലെന്നും ജോലിയാണ് ഇപ്പോള്‍ കുടുംബത്തിന്റെ ആവശ്യമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കളക്ടറുടെ ചേംബറിലാണ് ഭാര്യ മോളിയും മക്കളും കളക്ടറെ കണ്ടത്. ജോയിയുടെ പേരിലുള്ള വായ്പയുടെ വിശദാംശങ്ങളും മറ്റും കളക്ടറെ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യത്തെപ്പറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. അമലുവിന്റെ പഠനത്തിനുള്ള സഹായം ഏറ്റെടുക്കാമെന്ന് മാത്രമാണ് സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിട്ടുള്ളത്. മറ്റ് ആവശ്യങ്ങളില്‍ മന്ത്രിസഭായോഗത്തിലും തീരുമാനമൊന്നുമുണ്ടായിട്ടില്ല. മകള്‍ അമ്പിളി തോമസ്, മരുമക്കളായ ജോജോ, ഷിനോയ്, ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *