KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രപ്രവേശന സ്മാരക ഉദ്ഘാടന വേളയിലും ശബരിമലയിലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ഗുരുവായൂര്‍: നാട്ടില്‍ മാറ്റം വരുമ്പോള്‍ യാഥാസ്ഥിക വിഭാഗം അതിനെ എതിര്‍ക്കാറുണ്ടെങ്കിലും അതിന്റെ അവകാശവാദം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിഷയത്തിലെ യാഥാസ്തിക നിലപാടിനൊപ്പം നീങ്ങാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികളും കയറിയപ്പോള്‍ ഗുരുവായൂരപ്പന്റെ ചൈതന്യം കൂടിയെന്നും ആചാരം ലംഘിക്കാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഗുരുവായൂര്‍ സത്യഗ്രഹ ചരിത്രം മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭ്രാന്താലയം എന്ന വിശേഷണമല്ല കേരളത്തിന് ലോകത്തിന്റെ മുന്നിലുള്ളത്. ഉയര്‍ന്ന മതിനിരപേക്ഷ സമൂഹമെന്ന പദവിയാണ്. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടമാണിത്. ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ചാണ് നടന്നത്. ഗുരുവായൂര്‍ സത്യഗ്രഹ സമയത്ത് ആചാരം ലംഘിക്കണമെന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് എടുത്തത്. നവോത്ഥാന കാലത്ത് സ്വീകരിച്ച നിലപാട് തുടരാന്‍ കഴിയുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം അടച്ചിട്ട ചരിത്രം ഗുരുവായൂര്‍ സത്യഗ്രഹത്തിനുണ്ട്. കേരളത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്ന സമരങ്ങളില്‍ അന്നത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്നത് തെറ്റായ ആചാരങ്ങള്‍ ലംഘിച്ചാണ്. ആചാരം ലംഘിച്ചാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ആചാരങ്ങള്‍ ലംഘിക്കാനുള്ളതു കൂടിയാണെന്ന് നമ്മളെ പഠിപ്പിച്ചത് സാമൂഹിക പരിഷ്‌കര്‍ത്താക്കളാണ്.

Advertisements

നമ്മുടെ സാമൂഹിക ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ നിരവധി അന്ധ വിശ്വാസങ്ങളാല്‍ കുടുങ്ങി കിടന്നതായിരുന്നു. വിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കെ. കേളപ്പന്‍ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാവര്‍ക്കും ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. നിഷേധിക്കപ്പെട്ട അവകാശം നേടിയെടുക്കാന്‍ മുന്നില്‍ നിന്നവരാണ് കൃഷ്ണപിള്ളയും എ.കെ.ജിയും. ചാതുര്‍വര്‍ണ്യം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ആചാരം പറയുന്നവര്‍. ആചാരങ്ങള്‍ മാറ്റമില്ലാത്തവയല്ല. അനാചാരങ്ങള്‍ മാറ്റിയാണ് നവോഥാനത്തിന്റെ വെളിച്ചം വന്നത്. വിശ്വാസികള്‍ തന്നെയാണ് അനാചാരങ്ങള്‍ മാറ്റുന്നതില്‍ മുന്നില്‍ നിന്നിട്ടുള്ളതെന്നും പിണറായി വ്യക്തമാക്കി.

ദൈവത്തിന്റെ മുന്നില്‍ എന്തിനാണ് മനുഷ്യന് വേര്‍തിരിവ്. ദൈവനാമം ആര്‍ക്കും നിഷിദ്ധമല്ല എന്നാണ് ഹരിനാമ കീര്‍ത്തനം പറയുന്നത്. ഹരിനാമ കീര്‍ത്തനം മുഴങ്ങുന്ന ഇടമാണ് ഗുരുവായൂര്‍. അനാചാരങ്ങള്‍ പരിരക്ഷിക്കാന്‍ മറയാക്കേണ്ട ഒന്നല്ല വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച്‌ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ശരണം വിളിച്ച്‌ പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് നീക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *