KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര പ്രവേശനം ചോദ്യം ചെയ്ത സി.പി.ഐ(എം) നേതാവിനും ഭാര്യക്കും നേരെ ആര്എസ്.എസ്. അക്രമം

പാലാ: സിപിഐ(എം) പാലാ ഏരിയ കമ്മിറ്റിയംഗത്തെയും കുടുംബത്തെയും ആര്‍എസ്‌എസ് ക്രിമിനല്‍സംഘം രാത്രിയില്‍ വീടുകയറി ആക്രമിച്ചു. ഏരിയാ കമ്മിറ്റിയംഗമായ പുഷ്പ ചന്ദ്രനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് തടഞ്ഞ ആര്‍എസ്‌എസ് ബിജെപി നടപടി ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.

ക്ഷേത്രപരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ച്‌ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്‌എസ് ബിജെപി പദ്ധതി പൊളിഞ്ഞതോടെയാണ് ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം രാത്രി മാരകായുധങ്ങളുമായെത്തി പുഷ്പ ചന്ദ്രന്റെ വീട് ആക്രമിച്ചത്. അടുത്തിടെ ആര്‍എസ്‌എസ് വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന വിഷ്ണുവായിരുന്നു അക്രമികളുടെ ലക്ഷ്യം.

ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്ച പകല്‍ പുലിയന്നൂര്‍ ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര കാണാന്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ഗോപുര വാതിലില്‍ തടഞ്ഞു. പുഷ്പ ചന്ദ്രന്‍ ഇടപെട്ട് യുവാക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ് നീക്കം പുഷ്പ ചന്ദ്രന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ടതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ സംഘം പിന്‍വാങ്ങി. വെല്ലുവിളി നടത്തിയ ആര്‍എസ്‌എസ് സംഘം രാത്രി പുഷ്പ ചന്ദ്രന്റെ വീട് ആക്രമിക്കുകയായിരുന്നു.

Advertisements

പരിക്കേറ്റ സിപിഐ എം ഏരിയ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗവുമായ പുഷ്പ ചന്ദ്രന്‍(47), ഭര്‍ത്താവ് പുലിയന്നൂര്‍ പേരൂര്‍ ചന്ദ്രന്‍(58), മകന്‍ അരുണ്‍(29), സിപിഐ എം മുത്തോലിക്കടവ് ബ്രാഞ്ച് സെക്രട്ടറി തേക്കിലക്കാട്ടില്‍ ശിവന്‍(25), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തെക്കുംമുറി വാഴപ്പന്‍കുന്നേല്‍ വിഷ്ണു (24) എന്നിവര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലിയന്നൂരില്‍ അടുത്തയിടെ ഡിവൈഎഫ്‌ഐയിലേക്ക് കൂടുതല്‍പേര്‍ എത്തിയതാണ് ആര്‍എസ്‌എസിനെ പ്രകോപിപ്പിച്ചത്. പുലിയന്നൂര്‍ ക്ഷേത്രോത്സവ ദിവസം വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ആര്‍എസ്‌എസ് ക്രിമിനലുകള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ആര്‍എസ്‌എസ് വിട്ടതോടെ ഭീഷണി ഉണ്ടായിരുന്ന വിഷ്ണു ചൊവ്വാഴ്ച പുഷ്പയുടെ വീട്ടിലാണ് കഴിഞ്ഞത്. ഇത് മനസ്സിലാക്കിയ സംഘം വിഷ്ണുവിനെ മൊബൈലില്‍ വിളിച്ച്‌ വീട്ടില്‍തന്നെ ഉണ്ടെന്ന് ഉറപ്പാക്കി. തുടര്‍ന്ന് സംഘം വീടിനുനേരെ കല്ലെറിഞ്ഞു. വാതില്‍ തുറന്ന് പുറത്തിറങ്ങിയ ചന്ദ്രനെ സംഘം വളഞ്ഞുനിന്ന് കമ്പിവടി കൊണ്ട് അടിച്ചു. തടയാന്‍ എത്തിയ മകനെയും ആക്രമിച്ചു. പുറത്തേക്കുവന്ന പുഷ്പയുടെ തലക്കടിച്ചു.

പ്രദേശത്തെ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരായ തെക്കുംമുറി പുത്തന്‍പുരക്കല്‍ ജയദേവന്‍, അരകിലോ എന്ന് വിളിക്കുന്ന ആടിമാക്കല്‍ സുജിത്ത്, വള്ളിച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കിടങ്ങാട്ട് ശ്യാം, ആര്‍എസ്‌എസ് ക്രിമിനലുകളായ തെക്കുമുറി സ്വദേശി ആനന്ദബോസ്, കെഴുവംകുളം ചരപുഴക്കല്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘര്‍ഷത്തിന് ശ്രമിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കയറി ആക്രമിച്ചതെന്ന് പുഷ്പ ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *