ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പി മാറി നല്കിയ സംഭവത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും. നാളെ തിരുവനന്തപുരത്ത് എത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പന്തളം കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അതേ സമയം സ്വകാര്യ ലാബിന്റെ ഭാഗത്തു നിന്നുമാണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സര്ജന്, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാകും അന്വേഷിക്കുക. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധര്‍ ആകും സംഘത്തില്‍ ഉണ്ടാകുക.

വിദഗ്ധ സമിതി അന്വേഷിക്കും

കേസില്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയും ആലപ്പുഴ സ്വദേശി രജനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സിഎംസി ക്യാന്‍സര്‍ സെന്ററില്‍ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാന്‍സറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാര്‍ കീമോ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് പരാതി.
ഡോ രഞ്ജനാണ് സ്വകാര്യലാബില്‍ പരിശോധനക്ക് നിര്‍ദ്ദേശിച്ചത്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് രജനി പൊലീസിനെ സമീപിച്ചത്. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അന്വേഷണത്തില്‍ ചികിത്സാപിഴവ് കണ്ടെത്തിയാല്‍ ആ വകുപ്പും ചുമത്തും. മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കല്‍കോളേജില്‍ ചികിത്സക്കെത്തുന്നത്. മെഡിക്കല്‍ കോളേജിലെ ലാബില്‍ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
സ്വകാര്യലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍, മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടില്‍ രജനിക്ക് കാന്‍സറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്മേലാണ് രജനി പരാതി നല്‍കിയിരിക്കുന്നത്.
