കോവിഡ് 19 ബാധിച്ച തൃശൂര് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം
തൃശൂർ: കോവിഡ് 19 ബാധിച്ച തൃശൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. ആശുപത്രിയിലെത്തിക്കും മുമ്പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂർ ഡിഎംഒ അറിയിച്ചു. 21 വയസുള്ള യുവാവാണ് രോഗി. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്നയാൾക്കാണ് ഇപ്പോള് രോഗം സ്ഥിരീകരിച്ചത്.

തൃശൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി ഐസലേഷനിൽ ആക്കുകയായിരുന്നു. റാന്നിയിലെ കുടുംബത്തിൻ്റെ സമ്പർക്കപട്ടിക തയ്യാറാക്കിയപ്പോളാണ് ഒപ്പം യാത്ര ചെയ്ത ഇയാളുടെ വിവരം ലഭിക്കുന്നത്.

ഫെബ്രുവരി 29-നാണ് തൃശ്ശൂരിലെ രോഗി നാട്ടില് എത്തുന്നത്. റാന്നിയിലെ വൈറസ് ബാധിച്ച കുടുംബം സഞ്ചരിച്ച അതേവിമാനത്തിലാണ് ഇയാളും കൊച്ചിയിലെത്തിയത്. റാന്നിയിലെ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്തില് ഒപ്പം സഞ്ചരിച്ചിരുന്നവരുടെ വിവരങ്ങള് അധികൃതര് പരിശോധിച്ചതില് 11തൃശ്ശൂര് സ്വദേശികള് വിമാനത്തിലുണ്ടായിരുന്നതായി കണ്ടെത്തി.

തൃശ്ശൂരിലെ ഒരു ഷോപ്പിംഗ് മാളിൽ പോയ യുവാവ് അവിടുത്തെ മൾട്ടിപ്ലക്സ് സ്ക്രീനിലിരുന്ന് സിനിമ കാണുകയും. പിന്നീടൊരു വിവാഹനിശ്ചയ ചടങ്ങില് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുമായി ഇടപഴകിയതായി കണ്ടെത്തിയ നൂറോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
