കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം: അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്.
12 വര്‍ഷമായി അഞ്ചലില്‍ താമസിച്ചുവരികയായിരുന്ന ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സ്വദേശി ശശിധരക്കുറുപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂണ്‍ 24നായിരുന്നു സംഭവം. സമീപത്തെ വീട്ടുകാര്‍ നല്കിയ കോഴിയുമായി നടന്നുവരുന്നതിനിടെ ശശിധരക്കുറുപ്പിന്റെ നേതൃത്വത്തില്‍ മണിയെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. മണിയുടെ കൈവശമുള്ളത് മോഷ്ടിച്ച കോഴിയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ മണിയെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് മണിയെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചുകിടന്നിരുന്ന മണിയെ പിന്നീട് നാട്ടുകാരും മറ്റു ഇതരസംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് നില വഷളായത്. ഇതേത്തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.