കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍ കാരുണ്യ ഭവനമൊരുങ്ങുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഭവനമൊരുങ്ങുന്നു. ചികിത്സക്കെത്തുന്ന കാന്‍സര്‍ വൃക്ക രോഗികള്‍ക്കായി ഹെല്‍പ്പിങ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സൗകര്യമൊരുക്കുന്നത്. രോഗികള്‍ക്ക് അണുവിമുക്ത താമസസൗകര്യം വെല്ലുവിളിയായതോടെയാണ് ട്രസ്റ്റ് രംഗത്തെത്തിയത്.
ചികിത്സാ കാലയളവില്‍ ആശുപത്രികളിലേക്കും വീടുകളിലേക്കുമുള്ള യാത്രകളാണ് രോഗികള്‍ക്ക് പലപ്പോഴും അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറ്. ഇതോടൊപ്പം ശാസ്ത്രീയ പരിചരണങ്ങള്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതും കാന്‍സര്‍ വൃക്ക രോഗികള്‍ക്ക് അതിജീവനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. സര്‍ജറിക്ക് ശേഷം നിര്‍ധനരായ രോഗികള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ സഹായിക്കാനാണ് ഹെല്‍പ്പിങ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കെയര്‍ ഹോമില്‍ സൗജന്യ താമസ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.

44,000 ചതുരശ്ര അടിയില്‍ ഏഴ് നിലകളിലായാണ് ആശുപത്രിയോട് ചേര്‍ന്ന 40 സെന്റ് സ്ഥലത്ത് കെയര്‍ ഹോമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നാം നിലയില്‍ രക്താര്‍ബുദം ബാധിച്ച കുട്ടികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം പഠന മുറിയും ലൈബ്രറിയും ഉണ്ട്. മറ്റു നിലകളില്‍ ഓരോ വിഭാഗം രോഗികള്‍ക്കും പ്രത്യേക പരിചരണങ്ങളും നല്‍കും. രോഗിയോടൊപ്പം ഒരാള്‍ക്ക് കൂടി നില്‍ക്കാനുള്ള സൗകര്യം ഉണ്ടാകും. എന്നാല്‍ സന്ദര്‍ശകര്‍ക്ക് റൂമുകളിലേക്ക് പ്രവേശിക്കാനാവില്ല. ഇവര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

