കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസികളുടെ സംഗമം ഒരുക്കി

കോഴിക്കോട്: ഭാഗ്യലക്ഷ്മി ക്രിസ്മസ് കേക്ക് പകുത്തുനല്‍കിയപ്പോള്‍ അവരുടെ ഓര്‍മകളില്‍ പഴയ ബാലമന്ദിരത്തിന്റെ മധുരംവന്നു നിറഞ്ഞു. അനാഥത്വത്തില്‍നിന്ന് വിവാഹജീവിതത്തിന്റെ തണലിലേക്ക് പടിയിറങ്ങിപ്പോയ പലരും ഒത്തുചേര്‍ന്നു. പഴയകാല അനുവങ്ങള്‍ പങ്കുവെച്ചു. ഏറെക്കാലമായി കാണാത്തതിന്റെ കണ്ണീരും സന്തോഷവുംകൊണ്ട് പരസ്പരം പുല്‍കി. റെയിന്‍ബോയാണ് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പഴയ അന്തേവാസികളുടെ സംഗമം ഒരുക്കിയത്. ഒരുകാലത്ത് തന്റെയും വീടായിരുന്നു ഇതെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് വിജയലക്ഷ്മി പറഞ്ഞു. ശിശുഭവനിലെ പഴയ കൂട്ടുകാരിയായ സുമതിയുടെ വാക്കുകളാണ് പ്രതിസന്ധികളെ തരണംചെയ്ത് വിജയത്തിലെത്താന്‍ പ്രചോദനമായതെന്നും അവര്‍ പറഞ്ഞു.
ദ്രോഹിക്കുന്നവരെ തിരിച്ച് തല്ലണമെന്നായിരുന്നു സുമതി എപ്പോഴും പറയാറ്. ആ വാക്കുകളാണ് എന്റെ ജീവിതവിജയം. ജീവിതം പ്രതിസന്ധികളുടെതാണ്. പക്ഷേ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ തകര്‍ന്നുപോകുന്നു. താന്‍ അനാഥയാണെന്ന് വെളിപ്പെടുത്തിയത് ഇത്തരം കുട്ടികള്‍ക്ക് പ്രചോദനമാകാനാണ്. അനാഥമന്ദിരത്തിലായിരുന്നു ബാല്യമെന്ന് പറഞ്ഞത് ഒരിക്കലും ആരുടെയും അനുകമ്ബ പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടല്ല. പഴകാലം അഭിമാനമായാണ് ഇന്നുംകരുതുന്നത്. ജാതിയും മതവുമില്ലാതെ സ്നേഹത്തോടെ ജീവിക്കുന്നവര്‍ അനാഥാലയത്തില്‍ മാത്രമാണുള്ളതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വിവാഹം കഴിഞ്ഞുപോയവരും പ്രായപൂര്‍ത്തിയായി ശിശുഭവന്‍ വിട്ടവരുമായി ഇരുനൂറോളം പേരാണ് സംഗമത്തിനെത്തിയത്. പഴയ അന്തേവാസികളുടെ കൂട്ടായ്മയായ റെയിന്‍ബോയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പഴയ അന്തേവാസികളുടെ മക്കളും സംഗമത്തിനെത്തിയിരുന്നു.
കുടുംബസംഗമം നടന്‍ വിനോദ്കോവൂര്‍ ഉദ്ഘാടനം ചെയ്തു. റെയിന്‍ബോ വൈസ് പ്രസിഡന്റ് കെ.പി. അനു അധ്യക്ഷത വഹിച്ചു. ജില്ലാപ്രൊബേഷണറി ഓഫീസര്‍ കെ.ടി. അഷറഫ്, മുന്‍സൂപ്രണ്ട് കെ.രാജന്‍, ശ്രീലേഷ്, ചില്‍ഡ്രന്‍സ്ഹോം സൂപ്രണ്ട് ഇന്‍ ചാര്‍ജ് സല്‍മ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം കെ.കെ. ഷൈനി, കെ.എം. നജീബ്, റെയിന്‍ബോ സെക്രട്ടറി പി.വി. ലിന്‍ഡ, ജോയന്റ് സെക്രട്ടറി പ്രസീദ എന്നിവര്‍ സംസാരിച്ചു.

