കൊളക്കാട് പാടശേഖരത്തിൽ ഒറീസ ഇനം നെല്ലിൽ മികച്ച വിളവുമായി കർഷകർ

അത്തോളി: കുറമ്പ്രനാടിന്റെ നെല്ലറയായിരുന്ന അത്തോളിയിലെ നെൽക്കൃഷി തിരിച്ചെടുത്ത കൊളക്കാട് പാടശേഖരത്തിൽ ഒറീസ ഇനം നെല്ലിൽ മികച്ച വിളവുമായി കർഷകർ. പാടശേഖരത്തിലെ പതിനഞ്ചോളം കർഷകരാണ് ഇവിടെ പതിവായി ഒറീസ വിത്തിറക്കുന്നത്. കഴിഞ്ഞ വിഷുവിന് വിതച്ച നെല്ലാണ് ഇപ്പോൾ കൊയ്തെടുക്കുന്നത്. നല്ലവിളവിനു നല്ല നീളമുള്ള വൈക്കോലും കിട്ടുമെന്നതാണ് ഒറീസയുടെ മേന്മയെന്ന് കർഷകർ പറയുന്നു.
വീണടിയാത്തതും അധികപരിചരണം ആവശ്യമില്ലാത്തതുമാണ്കർഷകരെ ഒറീസയിലേക്ക് പ്രേരിപ്പിക്കുന്നത്. കൃഷിഭവനാണ് ഇവർക്കാവശ്യമായ വിത്ത് നല്കുന്നത്. എല്ലാവരുംചേർന്ന് ട്രില്ലർ ഉപയോഗിച്ച് ഒന്നിച്ചാണ് നിലമൊരുക്കുക. പരമ്പരാഗത രീതിയിലാണ് കൊയ്ത്തെങ്കിലും ദിവസക്കൂലിക്കേ തൊഴിലാളികളെ കിട്ടുന്നുള്ളൂ. ഒരാൾക്ക് അഞ്ഞൂറ്രൂപയാണ് കൊയ്ത്ത്കൂലി. നെല്ലുമെതിക്കാൻ പാടശേഖരകമ്മിറ്റിക്ക് സ്വന്തമായി മെതിയന്ത്രമുണ്ട്. ഇത് കർഷർക്ക് സൗജന്യമായാണ് നല്കുന്നത്. ഒരോവർഷവും സ്റ്റാറ്റിസ്റ്റിക് വകുപ്പിൽനിന്നും ഉദ്യോഗസ്ഥരെത്തി ഇവിടെ വിളവിന്റെ കണക്കെടുപ്പ് നടത്താറുണ്ട്. മികച്ച കർഷകരെ തിരഞ്ഞെടുക്കുമെന്ന് ഉദ്യോസ്ഥർ അറിയിക്കുമെങ്കിലും ഇതുവരെ ഒരാൾക്കും അത്തരം അംഗീകാരമൊന്നും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.നെൽക്കൃഷിയ്ക്ക് ഏറെ അനുകൂലമായ ഈ പാടശേഖരവും ചിലർ വാഴക്കൃഷിയിലേക്ക് വഴിമാറ്റുന്നതായി പരാതിയുണ്ട്.

