കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം: നാളെ ചെറിയവിളക്ക്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് 28-ന് ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് സദനം രാമകൃഷ്ണന്റെ തായമ്പക, 7.30-ന് സംഗീത സംവിധായകന് ശരത്തിന്റെ സംഗീതക്കച്ചേരി എന്നിവയുണ്ടാകും.
28-ന് ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് എന്നിവ നടക്കും. വൈകീട്ട് നാല് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേള സമേതമുള്ള കാഴ്ച ശീവേലി, രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്റെ തായമ്പക, 7.30-ന് ഗാനമേള.

29-ന് വലിയ വിളക്ക്. രാവിലെ മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ക്കുല വരവ്, വസൂരി മാലവരവ് എന്നിവ ക്ഷേത്രത്തിലെത്തും. വൈകീട്ട് മൂന്ന് മണിക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകളെത്തും. രാത്രി 11 മണിക്ക് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കും. മേളത്തിന് ശുകപുരം ദിലീപ്, കാഞ്ഞിലശ്ശേരി പത്മനാഭന്, സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം വിനോദ്, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ അണിനിരക്കും.

30-ന് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി ആറരയോടെ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പിന് ശേഷം ഭഗവതി ഊരുചുറ്റാനിറങ്ങും. തിരികെയെത്തി രാത്രി 9.57-നും 11.47-നും ഉള്ളില്‍ വാളകം കൂടും.

