കൊയിലാണ്ടി സ്വദേശി ജയപ്രകാശിന് രാഷ്ട്രപതി ഭവനിലേക്ക് വീണ്ടും ക്ഷണം
കൊയിലാണ്ടി: മികവാര്‍ന്ന വിറകടുപ്പ് നിര്‍മാണത്തിലൂടെ പ്രസിദ്ധനായ കണയങ്കോട് ജെ.പി. ടെക്കിലെ ജയപ്രകാശിന് രാഷ്ട്രപതി ഭവനിലേക്ക് വീണ്ടും ക്ഷണം. ഇത് രണ്ടാം തവണയാണ് ജയപ്രകാശിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിക്കുന്നത്. മാര്‍ച്ച് നാലിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഇന്ത്യയിലെ വേറിട്ടു നില്‍ക്കുന്ന കണ്ടുപിടുത്തങ്ങള്‍ നേരിട്ട് കാണുന്ന പരിപാടിയിലേക്കാണ് ക്ഷണം.
തുടര്‍ന്നുള്ള ഏഴു ദിവസം വ്യവസായ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും നടക്കും. രാഷട്രപതി ഭവനില്‍ വെച്ച് അന്താരാഷ്ട്ര അടുപ്പ് വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായാണ് ജയപ്രകാശ് കൂടിക്കാഴ്ചനടത്തുക. ഇന്ത്യന്‍കണ്ടുപിടുത്തങ്ങളെ അന്തര്‍ദേശീയ തലത്തില്‍ ബന്ധപ്പെട്ട വ്യവസായ മേഖലയിലുള്ള സ്ഥാപനങ്ങളുമായി കൂട്ടിയിണക്കുകയാണ് ലക്ഷ്യം.

വ്യാപാര സാധ്യതകളെക്കുറിച്ചുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. യു.എന്‍. സഹായത്തോടെ കേരളത്തിലെ ഇരുനൂറോളം വിദ്യാലയങ്ങളില്‍ ജയപ്രകാശ് അടുപ്പ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പുകകൂടി കത്തുന്ന അടുപ്പ് നിര്‍മാണം ഇന്ത്യന്‍ സൈനികര്‍ക്ക് പരിശീലിപ്പിക്കാനുള്ള അവസരവും ജയപ്രകാശിന് ലഭിച്ചിരുന്നു. ഏതാനും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള അടുപ്പ് നിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി കോയമ്പത്തൂരിലെ ആവാറം പാളയത്ത് വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ വഴിയാണ് ഓര്‍ഡറുകള്‍ ലഭിച്ചുവരുന്നത്. കൊയിലാണ്ടി കോമത്തുകരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അടുത്ത ദിവസമാണ് കണയങ്കോട് പുഴയോരത്തേക്ക് മാറ്റിയത്. ഫോണ്‍: 9847547486.

