കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടന പരിപാടി വൻ ആഘോഷമാക്കാൻ തീരുമാനിച്ചു
കൊയിലാണ്ടി: നീണ്ട 13 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് സെപ്റ്റംബർ 24 രാവിലെ 11.30 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉത്ഘാടന പരിപാടി ആഘോഷമാക്കാൻ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണത്തിന് മുന്നോടിയായി കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കടപ്പുറത്തെ ക്ഷേത്രം – പള്ളി കമ്മറ്റി ഭാരവാഹികൾ, മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, ഫിഷ് മർച്ചെന്റ് അസോസിയേഷൻ ഭാരവാഹികൾ, തീരദേശ വാർഡ് കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസാരിച്ച പലരും ഹാർബറിൽ നിലനിൽക്കുന്ന പോരായ്മകളെക്കുറിച്ചും ഭാവിയിൽ എർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടുകയുണ്ടായി. വെള്ളം, വെളിച്ചം എന്നീ കാര്യങ്ങൾ ഉദ്ഘാടനത്തിന് മുമ്പായി സ്ഥാപിക്കുമെന്നും ടോൾ സംവിധാനം മറ്റ് ഹാർബറുകളിലേത് പോലെ മാത്രമെ ഉണ്ടാവുകയുള്ളു എന്നും എം.എൽ.എയും എഞ്ചിനീയറും യോഗത്തിൽ വിശദീകരിച്ചു.

ഉദ്ഘാടന ദിനത്തിൽ കടലിൽ പോവാതെ മത്സ്യത്തൊഴിലാളികൾ പൂർണ്ണമായും രംഗത്തുണ്ടാവുമെന്ന് വിവിധ ക്ഷേത്ര സമാജങ്ങളുടെ കൂട്ടായ്മയായ അരയ സമാജം നേതൃത്വം യോഗത്തിൽ അറിയിച്ചു. പോരായ്മകൾ ചൂണ്ടിക്കാട്ടിയെങ്കിലും കൊയിലാണ്ടിയുടെ ആകെ സ്വപ്നം പൂവണയുന്ന വേളയിൽ എല്ലാവരും ഉത്ഘാടനവുമായി സഹകരിച്ച് നാടിന്റെ ഉത്സവമാക്കി മാറ്റാൻ രംഗത്തുണ്ടാവുമെന്ന് പ്രഖ്യപിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്. ആഘോഷ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് 12 ന് നഗരസഭാ ടൗൺ ഹാളിൽ വിപുലമായ സ്വാഗത സംഘം വിളിച്ചു ചേർത്തിട്ടുണ്ട്.

നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, കൊയിലാണ്ടി സി. ഐ. ഉണ്ണികൃഷ്ണൻ, തീരദേശ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

