കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കമ്പോസ്റ്റ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു

കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനം സമീപ പ്രദേശത്തുള്ളവര്‍ക്കെല്ലാം ദുരിതമായി. ശ്രദ്ധിക്കാനാളില്ലാത്തതുകാരണം മാലിന്യം മഴവെള്ളത്തോടൊപ്പം പുറത്തേക്കൊഴുകുകയാണ്. ലോറി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കും മാവേലിസ്റ്റോര്‍ ഉള്‍പ്പെടെ സമീപത്തുള്ള സ്ഥാപനങ്ങളിലെത്തുന്നവര്ക്കും ഇതുകാരണം വലിയ പ്രയാസമാണുണ്ടാവുന്നത്.
കൊതുക് പെരുകുന്നതു കാരണം നാട്ടുകാര്‍ രോഗഭീതിയിലാണ്. നേരത്തെ തുങ്കൂര്‍ മാതൃകാ മാലിന്യസംസ്കരണ സംവിധാനം ഇവിടെ ഉണ്ടാക്കിയിരുന്നു. ശ്രദ്ധിക്കാനാളില്ലാതെ പിന്നീടത് ഉപയോഗശൂന്യമായി. യഥാസമയം സംസ്കരിക്കപ്പെട്ട മാലിന്യം എടുത്ത് മാറ്റാനോ മാലിന്യം കലര്‍ന്ന വെള്ളം പുറത്തേക്കൊഴുകുന്നത് തടയാനോ ഇവിടെ സംവിധാനമൊന്നുമില്ലായിരുന്നു.

ഇതിനായി നിര്‍മിച്ച സംവിധാനത്തിനകത്ത് ആശുപത്രിയിലെ മാലിന്യം തള്ളിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കുകാരണം. കൊതുകുപകര്ത്തുന്ന പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് അധികൃതര്‍ പൊതുവഴിയിലേക്ക് മാലിന്യമൊഴുക്കുന്നത്.

