KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി പുതിയ കെട്ടിടം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി> താലൂക്കാശുപത്രിക്കുവേണ്ടി നിർമ്മിച്ച ബഹു നിലകെട്ടിടം 2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽരോഗികൾ ഒ.പി.യിലെത്തുന്ന സർക്കാർ ആശുപത്രി എന്ന ഖ്യാതി കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന കൊയിലാണ്ടി താലൂക്കാശുപത്രിയുടെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ഭൗതിക ചുറ്റുപാടുകളുടെ അപര്യാപ്തത എന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഇത് പരിഹരിക്കപ്പെടും. കെട്ടിടം പണി പൂർത്തീകരിച്ചെങ്കിലും ആശുപത്രിയായി സജ്ജീകരിക്കേണ്ടുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ലിഫ്റ്റ് പണിയാനുള്ള ടെണ്ടറിനനുസരിച്ചുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കയാണ്. വൈദ്യുതീകരണ പ്രവൃത്തികൾ നവംബർ പകുതിയോടെ പൂർത്തിയാകും.

കുട്ടികളുടെ വാർഡ് ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി അവിടെ റാമ്പ് നിർമ്മിക്കാനുള്ള പ്ലാനിംഗ് നടന്നുകഴിഞ്ഞിട്ടുണ്ട്. ഇൻറീരിയർ ഡെക്കറേഷൻ, ആശുപത്രി ഉപകരണങ്ങൾ സജ്ജീകരിക്കൽ തുടങ്ങി അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനുളള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കെ ദാസൻ എം.എൽ.എ. പറഞ്ഞു. ഏതാണ്ട് അഞ്ച് കോടിയിൽ കുറവ് ചെലവ് പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സർക്കാരിൽ നിന്നും സ്‌പോൺസർമാരിൽ നിന്നും കണ്ടെത്തുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു.വാർഡുകളുടെ സ്‌പോൺസർഷിപ്പിനായി നിരവധി വ്യക്തികളും സ്ഥാപനങ്ങളും തയ്യാറായി വന്നിരിക്കയാണ്.

യു.ഡി.എഫിന്റെ പി ശങ്കരൻ കൊയിലാണ്ടിയിൽ നിന്ന് ജയിച്ച് ആരോഗ്യമന്ത്രിയായപ്പോഴാണ് നിലവിലുള്ള ഒരു കെട്ടിടം രേഖാപരമായി ഒരു ഓർഡറുമിടാതെ പൊളിച്ചുമാറ്റിയത്. അതോടെ താലൂക്കാശുപത്രിയിൽ ഉള്ള സൗകര്യവും ഇല്ലാതായി. തുടർന്ന് എൽ.ഡി.എഫിലെ പി. വിശ്വൻ കൊയിലാണ്ടിയുടെ എം.എൽ.എ ആകുകയും വി.എസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരികയും ചെയ്തപ്പോഴാണ് താലൂക്കാശുപത്രിക്ക് ഒരു പുതിയ കെട്ടിടം വേണമെന്ന പദ്ധതിക്ക് അംഗീകാരമായത്. 2009 ജൂലായ് 9 ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തി ഏറ്റെടുത്ത കേരളാസ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രവൃത്തി നടത്തുന്നതിൽ പരാജയപ്പെട്ടു.അതോടെ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത് ഇല്ലാതായി. തുടർന്ന് എം.എൽ.എ യായി മാറിയ കെ. ദാസൻ നിയമസഭയിൽ നടത്തിയ നിരന്തരപോരാട്ടത്തിന്റെ ഭാഗമായാണ് നിന്നുപോയ പ്രവൃത്തി പുനരാരംഭിക്കുന്നതിലേക്കെത്തിയത്.

Advertisements

കൊയിലാണ്ടി നഗരസഭയും ആശുപത്രി മാനേജ്‌മെൻറും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുമെല്ലാം അടിയന്തിരമായി പ്രവൃത്തി തുടങ്ങുന്നതിനായി എം.എൽ.എയോടൊപ്പം ഉറച്ചു നിന്നു. ഇതിൻെ ഭാഗമായി ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റി നിർമ്മാണപ്രവൃത്തി ഏറ്റെടുത്തു.19 കോടിയോളം രൂപ ചെലവു ചെയ്തുകൊണ്ട് ഇപ്പോൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കയാണ്. 3243സ്‌ക്വയർ മീറ്ററിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. ആറു നിലകെട്ടിടത്തിൽ താഴത്തെ നിലയിൽ വിശ്രമകേന്ദ്രം, കണ്ണ്, എല്ല് വിഭാഗങ്ങളും ക്വാഷ്വാലിറ്റി ട്രീറ്റ്‌മെന്റെ് റും, എക്‌സറേ റും,സ്‌റ്റോർ, ടോയ്‌ലെറ്റ് എന്നിവയുണ്ടാകും.

ഒന്നാംനിലയിൽ അനസ്‌തേഷ്യ, ഓപ്പറേഷൻ തിയേറ്റർ, നിരീക്ഷണകേന്ദ്രം, മെഡിക്കൽ സ്‌റ്റോർ, സ്റ്റാഫ്‌റും, ടോയ്‌ലറ്റുകൾ എന്നിവയുണ്ടാകും. രണ്ടാംനിലയിൽ നേഴ്‌സസ് സ്റ്റേഷൻ,ഐസിയു, ഡ്യൂട്ടി ഡോക്ടർമാരുടെ മുറികൾ, റെക്കോഡ്‌സ്, ടോയ്‌ലറ്റുകൾ്  എന്നിവയുണ്ടാകും, മൂന്ന് നാല് വാർഡുകളിൽ പുരുഷൻമാരൂടെ വാർഡുകളും അഞ്ചാംനിലയിൽ സ്ത്രീകളുടെ വാർഡുകളുമുണ്ടാകും. ടെറസ് നിലയിൽ ലിഫ്റ്റ് മെഷീൻ , വാട്ടർടാങ്ക് എന്നിവയുണ്ടാകും. 24 മണിക്കൂർ ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് വരാൻ പോകുന്നത്. രണ്ട് കോടി രൂപാ ചെലവിൽ ഒരുട്രോമാകെയർ യൂനിറ്റും അധികം താമസിയാതെ ആരംഭിക്കും .ഉദ്ഘാടനത്തോടെ ജില്ലാ ആശുപത്രിയായി താലുക്കാശുപത്രിയെ മാറ്റാനുള്ള അപേക്ഷകൾ നൽകിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇതിനുവേണ്ടി മാത്രം എം.എൽ.എ.യും നഗരസഭാ ചെയർമാനും ആരോഗ്യമന്ത്രിയെ കാണുകയുണ്ടായി. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ഡോക്ടർമാരും ജീവനക്കാരും എത്തിയാൽ താലൂക്കിലുള്ള മുഴുവൻ പേർക്കും ഏത് അർധരാത്രിക്കും ആശ്രയിക്കാൻ പറ്റിയ രീതിയിലുള്ള ആശുപത്രിയായി ഇത് മാറും.

Share news

Leave a Reply

Your email address will not be published. Required fields are marked *