കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടോദ്ഘാടനം അനിശ്ചിതത്വത്തിൽ

കൊയിലാണ്ടി; നിപ വൈറസ്ബാധ നിയന്ത്രണവിധേയമാകുന്നതുവരെ ജില്ലയിലെ പൊതുപരിപാടികൾ 31 വരെ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വീണ്ടും അനിശ്ചിതത്വത്തിലായി. മെയ് 28ന് രാവിലെ 9 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുറത്തുവന്നത്.
മെയ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യ തീരുമാനം. അതിന്റെ പ്രവർത്തനവുമായി കെ. ദാസൻ എം.എൽ.എ യും, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യനും ഭാരവാഹികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ 27ന് മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് അടിയന്തര യോഗത്തില് പങ്കെടുക്കേണ്ടതുകൊണ്ട് തിയ്യതി മാറ്റുകയായിരുന്നു. ഇതോടുകൂടിയാണ് മെയ് 28ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത്.

ഇപ്പോൾ നിപാ വൈറസ്ബാധമൂലം ഉദ്ഘാടനം മാറ്റുമ്പോൾ വീണ്ടും വിവാദത്തിലേക്ക് കടക്കുകയാണ്. അതിനിടെ നഗരസഭാ ചെയർമാനും എം.എൽ.എ.യും നടത്തിയ ചർച്ചയുടെ ഭാഗമായി ആശുപത്രി 28ന് തുറന്ന്‌കൊടുക്കുന്നതിന് വേണ്ടി ആലോചിക്കുന്നതായി അറിയുന്നു. കാലവർഷം കനക്കുന്നതോടുകൂടി രോഗികളുടെ എണ്ണംകൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം കണക്കിലെടുത്താണ് ഇത്തരമൊരാലോചന നടക്കുന്നത്. അങ്ങിനെയെങ്കിൽ മുഖ്യമന്ത്രിയുടെ സമയത്തിനനുസരിച്ച് പിന്നീട് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാകും നല്ലതെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.

