കൊടിമരം സ്ഥാപിക്കുന്നതിനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

തലശേരി: ബ്രണ്ണന്‍ കോളേജില്‍ പ്രിന്സിപ്പാല് എടുത്തുമാറ്റിയ കൊടിമരം സ്ഥാപിക്കുന്നതിനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കോളേജിന്റെ സമീപത്തൂടെ ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ജാഥ പോകുന്നതിനിടെയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കാനെത്തിയത്. എന്നാല്‍ ജാഥ കോളേജിന്റെ സമീപത്തൂടെ പോകുന്ന സമയത്ത് കൊടിമരം സ്ഥാപിച്ചാല്‍ സംഘര്‍ഷം ഉണ്ടാകുമെന്നും ജാഥ കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പലിനെ കണ്ട് അനുമതിയോടെ കൊടിമരം സ്ഥാപിക്കാമെന്നും പൊലീസ് നിലപാടെടുത്തു. എന്നാല്‍ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല.
തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. കൊടിമരം സ്ഥാപിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജിന്റെ സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജുള്ള പ്രൊഫ. കെ. ഫല്ഗുനന് പിഴുതെടുത്ത് പുറത്ത് കളഞ്ഞത് വിവാദമായിരുന്നു. ഇന്നലെ രാവിലെ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ കൊടിമരം സ്ഥാപിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ അനുവാദമാണ് ഇന്നലെ നല്‍കിയത്. സമരം കഴിഞ്ഞിട്ടും കൊടിമരം മാറ്റാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ തന്നെ കൊടിമരം പിഴുതുമാറ്റി പൊലീസിനെ ഏല്പിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ കൊടിമരം പിഴുതെടുത്ത് പുറത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

രാത്രി ഒമ്പത് മണിയോടെ എ.ബി.വി.പി- ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലയാട് വള്ളൊഴുക്കു നരിവയലിലെ പ്രിന്‍സിപ്പലിന്റെ വാടകവീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞു. വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.

ഇതിനിടെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം പ്രിന്‍സിപ്പല്‍ കോളേജില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നും സി.പി.എമ്മിന്റെ മുകളില്‍ നിന്നുള്ള നേതാക്കളുടെ സമ്മര്‍ദ്ദം അനുസരിച്ചാണ് പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും എ.ബി.വി.പി ആരോപിച്ചു.
