കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: മുന്‍ വൈസ് ചാന്‍സലറും സി.പി.എം നേതാക്കളും പ്രതികളായ കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു.ജോലി ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശന്പളവും മറ്റ് അനൂകുല്യങ്ങളും നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കേസില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസ് തുടരാമെന്നും കോടതി വ്യക്തമാക്കി.
2005ലാണ് അസിസ്റ്റന്റ് നിയമനത്തിനായി കേരള സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. 2008ല്‍ റാങ്ക് ട്ടിക പ്രസിദ്ധീകരിച്ചു. 1401 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി 188 പേരെ നിയമിച്ചു. ഇതോടെയാണ് നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റിട്ട. ജസ്റ്റിസ് കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആരോപണം. അന്വേഷണത്തിനിടെ നിയമനം നിറുത്തിവയ്ക്കുകയും ലോകായുക്തയിലടക്കം കേസ് എത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തരക്കടലാസുകള്‍ തേടിയെങ്കിലും കണ്ടെത്താനാകാത്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അന്ന് നിയമനം നേടിയവരില്‍ 162 പേര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.

നിയമനം കേസില്‍ പെട്ടതിനാല്‍ ഇവര്‍ക്ക് പ്രൊമോഷന്‍ ഉള്‍പ്പെടെ ലഭിച്ചില്ല. നിയമിച്ചവരെ പിരിച്ചു വിടാനായിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു

